തലയോലപ്പറമ്പ്: ചൂണ്ടാനി കുഴി റോഡിലൂടെ എങ്ങനെ നടന്ന് പോകും ? മുളക്കുളം ഗ്രാമപഞ്ചായത്തിലെ ഒന്നാം വാർഡിൽപ്പെട്ട ചൂണ്ടാനികുഴിമത്സ്യ കോളനി റോഡിലെ നിവാസികളുടെ അധികൃതരോടുള്ള ചോദ്യമാണിത്. അത്രയ്ക്കുണ്ട് ഇവിടത്തുകാരുടെ യാത്രാദുരിതം. അൻപതിലധികം വീട്ടുകാർ ഗതാഗതത്തിനായി ഉപയോഗിക്കുന്ന ഏക സഞ്ചാരമാർഗ്ഗമായ റോഡ് വർഷങ്ങളായി ചെളി നിറഞ്ഞ് തകർന്ന് കിടക്കുകയാണ്. വിദ്യാർത്ഥികൾ ഉൾപ്പടെയുള്ള നൂറ് കണക്കിന് യാത്രക്കാർ നിത്യേന കടന്ന് പോകുന്ന റോഡിൽ നിലവിൽ കാൽനട യാത്ര പോലും അസാദ്ധ്യമാണ്. റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കുന്നതിന് അധികൃതരെ സമീപിക്കുമ്പോൾ സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് മാറ്റിവെയ്ക്കുകയാണെന്ന് നാട്ടുകാർ കുറ്റപ്പെടുത്തുന്നു. കഴിഞ്ഞ ദിവസം വെള്ളത്തിൽ വീണ് മരിച്ച മത്സ്യതൊഴിലാളിയായ മനോഹരന്റെ മൃതദേഹം വീട്ടിൽ എത്തിച്ചതും സംസ്‌ക്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരും ചെളിക്കുഴികളിൽ തെന്നി വീഴാതിരിക്കാൻ വേണ്ടി വഴി നീളെ പനഓല വെട്ടി ഇട്ടാണ് വന്ന് പോയത്. പ്രദേശത്ത് ഒരു അത്യാഹിതം ഉണ്ടായാലും തകർന്ന റോഡിലൂടെ വാഹനങ്ങൾ വരാത്ത സ്ഥിതിയാണ്. തന്മൂലം നാട്ടുകാർ ഏറെ ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. റോഡ് അടിയന്തിരമായി പുനർനിർമ്മിക്കാൻ നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാണ്.