v

തലയോലപ്പറമ്പ്: വടയാർ ഇൻഫന്റ് ജീസസ്സ് ഹൈസ്‌കൂളിലെ വിദ്യാർത്ഥികൾ കൃഷി ചെയ്ത കരനെൽ കൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.സെബാസ്റ്റ്യൻ കുളത്തുങ്കൽ ആവേശത്തിൽ കുട്ടികളോടൊപ്പം കൊയ്ത്തിനിറങ്ങി.സ്‌കൂളിലെ ജീവ ശാസ്ത്ര അദ്ധ്യാപിക ബീന തോമസിന്റെ നേതൃത്വത്തിൽ എട്ട്, ഒൻപത് ക്ലാസുകളിലെ കുട്ടികൾ വിളവിറക്കിയ ഹൃസ്വ എന്ന കരനെൽ കൃഷിയുടെ വിളവെടുപ്പാണ് ആഘോഷത്തോടൊപ്പം ആവേശമായി മാറിയത്. തനി നാടൻ കർഷക തൊഴിലാളികളുടെ വേഷമായ കൈലിമുണ്ടും ബ്ലൗസുമണിഞ്ഞ പെൺകുട്ടികളും, കൈലിമുണ്ടുടുത്ത് തലയിൽ പാളത്തൊപ്പിയും ധരിച്ച ആൺകുട്ടികളും അദ്ധ്യാപകരും ചേർന്നാണ് നെല്ലു മുഴുവൻ കൊയ്‌തെടുത്തത്. കുട്ടികൾ തന്നെ കറ്റ കെട്ടിമെതിച്ച് നെല്ല് സംഭരിച്ചു.പാഠം ഒന്ന് പാടത്തേക്ക് എന്ന പാഠം ഉൾക്കൊണ്ട് വിദ്യാർത്ഥികൾ തന്നെയാണ് പാടം ഒരുക്കിയതും, ഞാറുനട്ടതും, വളമിടലും, കളപറിക്കലും നടത്തിയത്. അദ്ധ്യാപകരും പി.റ്റി.എ യും ഇവർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകുക മാത്രമാണ് ചെയ്തത്. പഠനത്തോടൊപ്പം കൃഷിയിലും മികവ് കാട്ടുന്ന വിദ്യാർത്ഥികൾ സമൂഹത്തിന് മികച്ച സംഭാവനയാണ് നൽകുന്നതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉദ്ഘാടന പ്രസംഗത്തിൽ അഭിപ്രായപ്പെട്ടു. സ്‌കൂൾ മാനേജർ ഫാദർ തോമസ്സ് കണ്ണാട്ട് അദ്ധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനൻ, വൈസ് പ്രസിഡന്റ് നിർമ്മല മാർട്ടിൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം സി.എൻ.സന്തോഷ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എം.അനിൽകുമാർ, കൃഷി ഓഫീസർ തെരേസ അലക്‌സ്, സാബു മാളിയേക്കൽ, ട്രസ്റ്റിമാരായ പോൾ അലക്‌സ്, ജോസഫ് തോട്ടപ്പള്ളി, പി.റ്റി.എ.പ്രസിഡന്റ് കെ.എം.വിനോദ് ,വൈസ് പ്രസിഡന്റ് പി.പി.ജോസഫ്, എൻ.ആർ.റോഷൻ, സ്‌കൂൾ ലീഡർ ശ്രീലക്ഷ്മി. എസ് തുടങ്ങിയവർ പ്രസംഗിച്ചു. ഹെഡ്മിസ്ട്രസ് ത്രേസ്യാമ്മ കുര്യാക്കോസ് സ്വാഗതവും ബിനു .കെ പവിത്രൻ നന്ദിയും പറഞ്ഞു.