വൈക്കം: അനധികൃത ചീനവലകൾക്കെതിരെ കർശനമായ നടപടി സ്വീകരിക്കാൻ ഫിഷറീസ് ഡിപ്പാർട്ടുമെന്റ് തയ്യാറാകണമെന്ന് ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു. വേമ്പനാട്ടുകായലിലെ അനധികൃതവും അശാസ്ത്രീയവുമായ മത്സ്യബന്ധനം മൂലം കായലിലെ മത്സ്യസമ്പത്ത് ഗണ്യമായി കുറഞ്ഞുവരുകയാണ്. കഴിഞ്ഞ ഇരുപതുവർഷക്കാലമായി വേമ്പനാട്ടുകായലിൽ ലൈസൻസും ഫിഷറീസ് വകുപ്പിന്റെ അനുമതിയും ഇല്ലാതെ മത്സ്യബന്ധനം നടത്തുന്ന അഞ്ഞൂറിൽപ്പരം ചീനവലകളാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. 2010ലെ ഫിഷറീസ് ആക്ടിന് വിരുദ്ധമായി ചെറിയ കണ്ണിവല ഉപയോഗിച്ചും അതി തീവ്രതയേറിയ ലൈറ്റ് പ്രകാശിപ്പിച്ചുമാണ് ഇവർ മത്സ്യബന്ധനം നടത്തുന്നത്. ഈ മത്സ്യബന്ധനരീതിക്കെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ എതിർപ്പുമൂലം നിയമപരമായ നടപടികളിലൂടെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ 2015ൽ ഫിഷറീസ് വകുപ്പിനോട് കർശനമായ നടപടി സ്വീകരിക്കണമെന്ന് സർക്കാർ അറിയിച്ചിട്ടുള്ളതാണ്. മത്സ്യബന്ധനവുമായി യാതൊരുബന്ധവുമില്ലാത്ത റിസോർട്ടുടമകളെയും വൻകിടക്കാരെയും സംരക്ഷിക്കുന്ന സമീപനമാണ് ബന്ധപ്പെട്ട അധികാരികൾ സ്വീകരിച്ചു വരുന്നത്. ഇത്തരം ആളുകളെ സംരക്ഷിക്കുന്ന ചില തൊഴിലാളി സംഘടന നേതാക്കൻമാരുടെ നടപടി ഖേദകരമാണെന്നും അനധികൃത ചീനവലകൾക്കെതിരെ കർശനമായ നടപടി എടുക്കുവാൻ ഫിഷറീസ് ഡിപ്പാർട്ടുമെന്റ് തയ്യാറായില്ലെങ്കിൽ ഫിഷറീസ് ഓഫീസ് ഉപരോധിക്കുന്നതടക്കമുള്ള അതിശക്തമായ സമരങ്ങൾക്ക് രൂപം നൽകുമെന്നും ഫിഷറീസ് കോർഡിനേഷൻ കമ്മറ്റി തലയാഴം പഞ്ചായത്ത് കമ്മിറ്റി അറിയിച്ചു. കോട്ടയം ജില്ലാ സബ് കളക്ടറുടെ നേതൃത്വത്തിൽ ചീനവലപ്രതിനിധികളും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ചേർന്നെടുത്ത തീരുമാനം നടപ്പിലാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി ആവശ്യപ്പെട്ടു.