കോട്ടയം: സംസ്ഥാന ജീവനക്കാർക്കും അദ്ധ്യാപർക്കും സർവീസ് പെൻഷൻകാർക്കും ലഭിക്കാനുള്ള ഡി.എ കുടിശിക ഉടൻ നൽകണമെന്ന് റിട്ടയേർഡ് ടീച്ചേഴ്സ് ആൻഡ് എംപ്ലോയീസ് യൂണിയൻ സംസ്ഥാന കമ്മിറ്റി സർക്കാരിനോട് ആവശ്യപ്പെട്ടു. 2019 ജനുവരി മുതൽ 3 ശതമാനവും ജൂലായ് മുതൽ 5 ശതമാനവും ഉൾപ്പെടെ 8 ശതമാനം കുടിശിക അനുവദിക്കുക, പെൻഷൻ കാരുടെ മെഡി. അലവൻസ് 1000 രൂപയായി വർദ്ധിപ്പിക്കുക, എട്ടാം ശമ്പളപരിഷ്കരണത്തിന്റെ ആനുകൂല്യം ലഭിക്കാതെ വിരമിച്ചവർക്ക് 2014 ജൂലായ് മുതൽ 5 ശതമാനം മുൻകാല പ്രാബല്യത്തോടെ നൽകുക എന്നീ ആവശ്യങ്ങളും സംഘടന ഉന്നയിച്ചു. പതിനൊന്നാം ശമ്പളക്കമ്മീഷനെ നിയമിച്ച സർക്കാർ നടപടിയെ യോഗം അഭിനന്ദിച്ചു. ആർ.ടി.ഇ.യു സംസ്ഥാന ജനറൽ സെക്രട്ടറി വർക്കി കാണക്കാരി, സംസ്ഥാന വൈസ് പ്രസി‌ഡന്റ് എ.ആർ. കൊച്ചുകുഞ്ഞ് എന്നിവരുടെ നിര്യാണത്തിൽ യോഗം അനുശോചനം രേഖപ്പെടുത്തി. സംസ്ഥാന ട്രഷറർ കെ.പി. നാണു നമ്പ്യാർ യോഗം ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് കൂട്ടിക്കൽ അബ്ദുൾ ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. 5 ശതമാനം ഡി.എ വാങ്ങി 2003 ജൂലായ് മുതൽ 2004 മാർച്ച് വരെ വിരമിച്ചവർ തങ്ങളുടെ വിവരങ്ങൾ കൂട്ടിക്കൽ അബ്ദുൾ ലത്തീഫ്, 686514 എന്ന വിലാസത്തിൽ അറിയിക്കണമെന്നും ഭാരവാഹികൾ അറിയിച്ചു.