തലയോലപ്പറമ്പ്: വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ലിമിറ്റഡ് (എച്ച്.എൻ.എൽ) ഏറ്റെടുക്കുന്നതിനുള്ള സംസ്ഥാന സർക്കാർ നീക്കങ്ങളുടെ ഭാഗമായി റിയാബിന്റെ നേതൃത്വത്തിൽ ആസ്തി മൂല്യ നിർണ്ണയം നടത്താനെത്തി. പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിനും ഒാഡിറ്റിംഗിനുമായുള്ള സർക്കാർ സംവിധാനമാണ് റിയാബ്. ഇതിലെ ഒരു ചാർട്ടേഡ് എൻജിനീയറുടെയും രണ്ട് ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും നേതൃത്വത്തിലുള്ള സംഘമാണ് ഇന്നലെ എച്ച്.എൻ.എല്ലിൽ എത്തിയത്. മൂല്യ നിർണ്ണയം ഇന്നും തുടരും. കമ്പനി ഏറ്റെടുക്കുന്നതോടെ സർക്കാരിന് ഉണ്ടാവുന്ന ബാദ്ധ്യതയും മറ്റു ചെലവുകളും കണക്കുകൂട്ടുകയാണ് ഇവർ ചെയ്യുക. കഴിഞ്ഞ ദിവസം തിരുവനന്തുപരത്ത് ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന വ്യവസായ വകുപ്പിലെയും മറ്റ് വകുപ്പുകളിലെയും ഉന്നത ഉദ്യോഗസ്ഥരുടെ യോഗമാണ് റിപ്പോർട്ട് സമർപ്പിക്കാനുള്ള തീരുമാനം എടുത്തത്. കമ്പനി കടമെടുത്ത പത്ത് കോടി രൂപ തിരികെ കിട്ടണമെന്ന ആവശ്യവുമായി ചെന്നൈ ആസ്ഥാനമായ സ്വകാര്യ ബാങ്ക് കൊച്ചിയിലെ നാഷണൽ കമ്പനി ലോ ട്രിബ്യൂണലിനെ (എൻ.സി.എൽ.ടി ) ഏതാനും മാസം മുമ്പ് സമീപിച്ചിരുന്നു. കഴിഞ്ഞ 18 ന് കേസ് കോടതിയിൽ വന്നപ്പോൾ സംസ്ഥാന സർക്കാർ ബാദ്ധ്യതകൾ തീർത്ത് കമ്പനിയുടെ നൂറ് ശതമാനം ഓഹരികളും ഏറ്റെടുക്കാൻ തയാറാണെന്ന് അറിയിച്ചു. ഒാഹരി മൂല്യം വിലയിരുത്തി വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി അന്ന് സർക്കാരിന് നിർദ്ദേശം നൽകി. ഈ മാസം എട്ടിന് കേസ് വീണ്ടും കോടതി പരിഗണിക്കും. ഇതിന് മുന്നോടിയായാണ് ഉന്നതതല യോഗങ്ങളും പരിശോധനകളും നടക്കുന്നത്.
ഒരു വർഷമായി ശമ്പളം കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജീവനക്കാർക്ക് പ്രതീക്ഷയേകുന്നതാണ് സംസ്ഥാന സർക്കാരിന്റെ ഇടപെടലുകൾ.