വൈക്കം: അഷ്ടമിയുടെ മുന്നോടിയായി ക്ഷേത്രനഗരത്തിൽ 50 മൈക്രോണിൽ താഴെയുള്ള പ്ലാസ്റ്റിക് കൂടുകളും, ഫ്ലെക്‌സ് ബോർഡുകളും നീക്കം ചെയ്ത് ഹരിത ചട്ടപ്രകാരം ഉത്സവം നടത്തുന്നതിന്റെ ഭാഗമായി ഹരിത വിളംബരഘോഷയാത്രയും ഫ്ലാഷ് മോബും നടത്തി. വൈക്കം നഗരസഭ, ശുചിത്വമിഷൻ, ഹരിതകേരള മിഷൻ, ദേവസ്വം ബോർഡ്, ശ്രീമഹാദേവ കോളേജ്, ആരോഗ്യവകുപ്പ്, എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലായിരുന്നു വിവിധ സ്‌കൂളുകളിലെ വിദ്യാർത്ഥികളെ അണിനിരത്തി ഹരിത അഷ്ടമി വിളംബര ഘോഷയാത്ര നടത്തിയത്. ദേവസ്വം ഗ്രൗണ്ടിൽ നിന്നും പുറപ്പെട്ട വിളംബരഘോഷയാത്ര നഗരസഭാ ചെയർമാൻ പി. ശശിധരൻ ഫ്ലാഗ് ഓഫ് ചെയ്തു. ബോട്ട് ജെട്ടി മൈതാനത്ത് വിളംബര ഘോഷയാത്രയുടെ ഭാഗമായി വൈക്കം ശ്രീ മഹാദേവ ടി.ടി.ഐ യിലെ അദ്ധ്യാപക പരിശീലകർ ഫ്ലാഷ് മോബ് അവതരിപ്പിച്ചത് ശ്രദ്ധേയമായി.
സത്യാഗ്രഹ സ്മാരക ഹാളിൽ നടന്ന ബോധവത്കരണ ക്ലാസ് എ.എസ്.പി. അരവിന്ദ് സുകുമാർ ഉദ്ഘാടനം ചെയ്തു. നഗരസഭാ ചെയർമാൻ പി. ശശിധരൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്‌സൺ എസ്. ഇന്ദിരാദേവി, ഹരിത കേരള മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ ജോൺ, ശ്രീമഹാദേവ കോളേജ് ഡയറക്ടർ പി.ജി.എം. നായർ, കൗൺസിലർമാരായ ആർ. സന്തോഷ്, ബിജു വി കണ്ണേഴൻ, എ.സി. മണിയമ്മ, സെക്രട്ടറി രമ്യാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.