പൊൻകുന്നം : ശബരിമല തീർത്ഥാടകരുടെ പ്രധാന പാതയായ പൊൻകുന്നം - എരുമേലി റോഡിലെ പൈപ്പ് പൊട്ടൽ യാത്രക്കാർക്ക് ദുരിതമാകുന്നു. കരിമ്പുകയം ശുദ്ധജല വിതരണപദ്ധതിയുടെ പ്രധാന പൈപ്പുകൾ കടന്നുപോകുന്നത് ഇതുവഴിയാണ്. ശബരിമല തീർത്ഥാടകർക്ക് എരുമേലിയിലെത്താനുള്ള എളുപ്പവഴിയും ഇതുതന്നെ.തീർത്ഥാടകർക്കായി അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ചതാണ് റോഡ്. പൈപ്പ് കടന്നുപോകുന്ന ഭാഗം ഒഴിച്ചുള്ള 5 കിലോമീറ്റർ ദൂരം ശക്തമായ മഴയിലും യാതൊരു കുഴപ്പവുമില്ലാതെ നിൽക്കുന്നു. ബാക്കിഭാഗമാകട്ടെ നിറയെ കുഴികളും. പൊട്ടിയ പൈപ്പുകൾ നന്നാക്കുന്നതിനായി വെട്ടിപ്പൊളിച്ചതാണ് റോഡ് തകരാൻ കാരണമെന്നാണ് ആക്ഷേപം. കരിമ്പുകയം പദ്ധതിയുടെ നവീകരണത്തിന്റെ ഭാഗമായി 250എംഎം പി.വി.സി പൈപ്പുകൾ 4 അടി താഴ്ചയിലാണ് റോഡിനടിയിൽ സ്ഥാപിച്ചിരിക്കുന്നത്. വെള്ളം പമ്പു ചെയ്താൽ പൈപ്പുപൊട്ടുന്നത് പതിവുകാഴ്ചയാണ്. നിലവാരം കുറഞ്ഞ പൈപ്പുകളായതിനാലാണ് അടിക്കടി പൊട്ടുന്നതെന്നാണ് നാട്ടുകാർ പറയുന്നത്.
കുഴികൾ അടച്ചാലും കനത്ത മഴയിൽ വീണ്ടും പ്രത്യക്ഷപ്പെടും. വലിയ കുഴികളിൽ നാട്ടുകാർ ചുവന്ന കൊടി നാട്ടി അപായസൂചന നൽകിയിരിക്കുകയാണ്. അടുത്ത ആഴ്ച മുതൽ ഇതുവഴി തീർത്ഥാടകവാഹനങ്ങൾ ഇടമുറിയാതെ ഒഴുകിയെത്തും. തിരക്ക് വർദ്ധിക്കുമ്പോൾ വൺവേ ആയി മാറും. ഇതിനിടയിൽ പൈപ്പുപൊട്ടലും റോഡ് വെട്ടിപ്പൊളിക്കലും എങ്ങനെ ഒഴിവാക്കാൻ കഴിയുമെന്ന ചിന്തയിലാണ് അധികൃതർ.