കോട്ടയം : 'കക്കൂസ് ടാങ്കിൽ നിന്നുള്ള പൈപ്പുകൾ പൊതു ഓടയിലേക്കാണ് തുറന്നുവച്ചിരിക്കുന്നത്, എത്ര പറഞ്ഞാലും അത് മാറ്റാൻ ആളുകൾ തയ്യാറല്ല'. കേരളത്തിൽ ആദ്യം സമ്പൂർണ സാക്ഷരത കൈവരിച്ച കോട്ടയം നഗരത്തിലെ വിദ്യാസമ്പന്നർ താമസിക്കുന്നിടത്തെ വാർഡ് കൗൺസിലറുടെ തുറന്നുപറച്ചിലാണിത്. ഓടകൾ മുഴുവൻ മാലിന്യങ്ങൾ അടിഞ്ഞുകൂടി വൃത്തിഹീനമായിട്ടും പരിസരവാസികൾക്ക് പ്രതികരണമില്ലെങ്കിൽ പിന്നെ നഗരസഭ അനങ്ങുമോ?
നഗരത്തിലെ മറ്റ് സ്ഥലങ്ങളിലൊക്കെ റോഡ് സൈഡിലാണ് മാലിന്യം കുമിഞ്ഞുകൂടുന്നതെങ്കിൽ പതിനാറിൽ ചിറ വാർഡിൽ എല്ലാം തോട്ടിലാണെന്നുമാത്രം. പഴയ ടെലിവിഷൻ സെറ്റുകൾ, ഫ്യൂസാകുന്ന ബൾബ്, മദ്യക്കുപ്പികൾ, പ്ലാസ്റ്റിക് കവറുകൾ, സാനിട്ടറി പാഡുകൾ , അടുക്കള മാലിന്യം തുടങ്ങി മുറ്റം അടിച്ചുവാരുന്ന ചപ്പുചവറുകൾ വരെ തോട്ടിലാണ് നിക്ഷേപിക്കുന്നത്. വല്ലപ്പോഴുമെക്കെ ആരോഗ്യവിഭാഗം ജീവനക്കാർ വന്നാലായി. ആ സമയത്ത് മാലിന്യം നിക്ഷേപിക്കാൻ ഇറങ്ങുന്നവരെ കണ്ടാൽ കൈയോടെ പിടികൂടി പിഴ അടപ്പിക്കും. അതിനപ്പുറം രണ്ടും മൂന്നും സെന്റിൽ വീടുവച്ച് താമസിക്കുന്നവർക്ക് മാലിന്യസംസ്കരണത്തിന് വേണ്ടി ഒരു പദ്ധതിപോലും നടപ്പിലാക്കിയിട്ടില്ല. ആണ്ടിലൊരിക്കൽ വെള്ളപ്പൊക്കത്തിനൊപ്പം മാലിന്യം മീനച്ചിലാറിനോട് കൂടിച്ചേരും. ഇത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കും.
തൊഴിലുറപ്പുകാരെ കൊണ്ട് വൃത്തിയാക്കിക്കും
തോട്ടിലെ മാലിന്യം നീക്കം ചെയ്യാൻ തൊഴിലുറപ്പ് തൊഴിലാളികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഒരിക്കൽ വൃത്തിയാക്കിയാൽ വീണ്ടും മാലിന്യം നിക്ഷേപിക്കാതിരിക്കേണ്ടത് സമീപവാസികളാണ്. ഇക്കാര്യത്തിൽ ജനങ്ങളുടെ സഹകരണം കുറവാണ്. നിരന്തരമായ ബോധവത്കരണം നടത്തിയിട്ടും ഒരു പ്രയോജനവുമില്ല. മാലിന്യം നിക്ഷേപിക്കുന്നവരെ കണ്ടെത്താൻ നിരീക്ഷണ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ ആരോഗ്യവിഭാഗം ജീവനക്കാർ പരിശോധന നടത്തി പിഴ ഈടാക്കുന്നുമുണ്ട്. മാലിന്യസംസ്കരണത്തിന് പൊതുവായ സംവിധാനങ്ങളില്ല. മറ്റ് പദ്ധതികൾക്കൊന്നും നഗരസഭ ഫണ്ടിൽ നിന്ന് പണം ചെലവഴിച്ചിട്ടുമില്ല.
:- മീര ബാലു, വാർഡ് കൗൺസിലർ