കോട്ടയം: വിരണ്ടോടിയ കൊമ്പനെ തളയ്‌ക്കാനുള്ള ശ്രമത്തിനിടെ, ആനയ്‌ക്കും വൈദ്യുതി പോസ്റ്റിനുമിടയിൽ കുടുങ്ങി പാപ്പാന് ദാരുണാന്ത്യം. തിരുനക്കര ശിവൻ എന്ന ആനയുടെ ഒന്നാം പാപ്പാൻ തിരുവനന്തപുരം പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം കോട്ടയ്‌ക്കകം പടിഞ്ഞാറേനടയിൽ വിക്രം (26) ആണ് മരിച്ചത്. വിക്രമിന്റെ വിവാഹനിശ്‌ചയം നാളെ നടക്കാനിരിക്കുകയായിരുന്നു. കോട്ടയം- കുമരകം റൂട്ടിൽ ചെങ്ങളത്തിനു സമീപം വിരണ്ടോടി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ആനയെ മൂന്നു മണിക്കൂറിനു ശേഷം തളച്ചു.
ഇന്നലെ വൈകിട്ട് അഞ്ചരയോടെ തിരുനക്കര മഹാദേവക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന്റെ ആറാട്ടിനു ശേഷം ചെങ്ങളത്തുകാവ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകും വഴിയാണ് ആന വിരണ്ടത്. ചട്ടം പഠിപ്പിക്കുന്നതിന് ഒരു മാസത്തോളമായി ചെങ്ങളത്തുകാവിലാണ് ആനയെ കെട്ടിയിരുന്നത്. ഇല്ലിക്കൽ ജംഗ്‌ഷനിൽ വച്ച് വിരണ്ട ആന ഒരു കിലോമീറ്ററോളം ഓടി, ആമ്പക്കുഴിയിലെത്തി. എതിർദിശയിൽ സ്വകാര്യ ബസ് വരുന്നതു കണ്ട ആന ഇടവഴിയിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കൊമ്പുതട്ടി ബസിന്റെ മുൻ ഭാഗവും ചില്ലും തകർന്നു.
ഈ സമയമെല്ലാം ആനപ്പുറത്ത് ഇരിക്കുകയായിരുന്നു വിക്രം. ബസിനിടയിലൂടെ ആന കടന്നുപോകുന്നതിനിടെ ചങ്ങലയിൽ തൂങ്ങി ഇറങ്ങാൻ ശ്രമിക്കവേ വൈദ്യുതി പോസ്റ്റിന് ഇടയിൽ കുടുങ്ങി പാപ്പാൻ റോഡിലേക്ക് തെറിച്ചുവീഴുകയായിരുന്നു. നാട്ടുകാർ വിക്രമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. റോഡിൽ നിലയുറപ്പിച്ച ആനയെ പിന്നീട് രണ്ടാം പാപ്പാൻ രാജേഷ് സമീപത്തെ പോസ്റ്റിൽ ബന്ധിച്ചു. രണ്ടു മണിക്കൂറിനു ശേഷം തിരുനക്കര ശിവന്റെ മുൻ പാപ്പാനായ മനോജിനെ ചിറക്കടവിൽ നിന്ന് എത്തിച്ച് രാത്രി ഏഴേമുക്കാലോടെയാണ് ആനയെ ശാന്തനാക്കി തളച്ചത്.