എരുമേലി : ഫയർസ്‌റ്റേഷൻ നിർമ്മാണത്തിനായി ഓരുങ്കൽകടവിൽ 20 സെന്റ് സ്ഥലം കൈമാറാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. കൂടാതെ എക്‌സൈസ്‌റേഞ്ച് ഓഫീസിനും,സബ് ട്രഷറിക്കും പത്ത് സെന്റ് സ്ഥലം വീതം നൽകാനും തീരുമാനമായി. 2012 ൽ അനുവദിച്ച ഫയർസ്റ്റേഷന് യഥാസമയം സ്ഥലമോ കെട്ടിടമോ പഞ്ചായത്ത് നൽകിയിരുന്നെങ്കിൽ വർഷങ്ങൾക്ക് മുൻപ് എരുമേലിയിൽ സ്ഥിരം ഫയർ സ്റ്റേഷൻ യഥാർത്ഥ്യമാകുമായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് അനുവദിച്ചതാണ് എക്‌സൈസ്‌റേഞ്ച് ഓഫീസും സബ് ട്രഷറിയും. വർഷങ്ങളായി വാടക കെട്ടിടത്തിലാണ് ഇരുഓഫീസുകളും പ്രവർത്തിക്കുന്നത്. ഇക്കഴിഞ്ഞ പ്രളയത്തെ തുടർന്ന് എരുമേലി, ഏറ്റുമാനൂർ, കുമരകം എന്നിവിടങ്ങളിൽ ഫയർസ്റ്റേഷന് ശുപാർശ ചെയ്തിരുന്നു. സബ് ട്രഷറിക്ക് ഇവിടെ സ്ഥലം നൽകിയാൽ ജനങ്ങൾക്ക് യാത്രാ ദൗർഘ്യം ഉണ്ടാകുമെന്ന് ആശങ്കയുണ്ട്. കൃഷിഭവൻ, സബ് രജിസ്ട്രാർ ഓഫീസ് എന്നിവ പ്രവർത്തിക്കുന്ന ടി.ബിറോഡിൽ സബ് ട്രഷറിക്ക് സ്ഥലം കണ്ടെത്താൻ പഞ്ചായത്ത്‌ നേരത്തെ തീരുമാനിച്ചിരുന്നു. ഈ സ്ഥലം തൃപ്തികരമാണെന്ന് ട്രഷറി വകുപ്പ് അറിയിച്ചിരുന്നു. ഇതാകും കൂടുതൽ സൗകര്യം.

തകര ഷെഡിൽ വെന്തുരുകി
ഓരോ ശബരിമല സീസണിലും എരുമേലിയിൽ ഫയർസ്റ്റേഷൻ പ്രവർത്തിക്കുന്നത് താത്കാലിക തകരഷെഡിലാണ്. ഏഴ് വർഷം മുമ്പ് അനുവദിച്ചതാണ് എരുമേലിക്ക് സ്ഥിരം ഫയർ സ്റ്റേഷൻ. കെട്ടിടം നിർമിക്കാൻ പി.സിജോർജ് എം.എൽ.എ 40 ലക്ഷം രൂപയും അനുവദിച്ചിരുന്നു. എന്നാൽ സ്ഥലം ഏറ്റെടുപ്പ് നീണ്ടു പോകുകയായിരുന്നു.

നിരവധി തീപിടിത്തങ്ങളും, മുങ്ങി മരണവും എരുമേലിയിൽ നടക്കുന്നുണ്ട്. എന്നാൽ യഥാസമയം ഫയഫോഴ്സിന് ഇവിടെയൊന്നും എത്തിച്ചേരാനാകുന്നില്ല.