കോട്ടയം: ചെങ്ങളത്ത് തിരുനക്കര ശിവൻ ഇടഞ്ഞ് പാപ്പാൻ മരിക്കാനിടയായ സംഭവത്തിന് കാരണം തിരുനക്കര ക്ഷേത്ര ഉപദേശക സമിതിയുടെയും ദേവസ്വം ബോർഡിന്റെയും ജാഗ്രതക്കുറവെന്ന് ആക്ഷേപം ശക്തം.

പുതിയ പാപ്പാന് പൂർണ്ണമായും ചട്ടമാകും മുമ്പാണ് ആനയെ എഴുന്നള്ളിച്ചത്. ശിവനെ എഴുന്നള്ളിക്കാൻ തിരുനക്കര ക്ഷേത്ര ഉപദേശക സമിതി ദേവസ്വം ബോർഡിനോട് അനുമതി ആവശ്യപ്പെട്ടിരുന്നതായി സൂചനയുണ്ട്. എന്നാൽ അനുമതി നൽകിയോ എന്ന കാര്യത്തിൽ ദേവസ്വം ബോർഡ് അധികൃതർ പ്രതികരിച്ചിട്ടില്ല.

ഇന്നലെ തിരുനക്കര മഹാദേവ ക്ഷേത്രത്തിലെ അല്പശി ഉത്സവത്തിന് പങ്കെടുപ്പിച്ച ശേഷം തളയ്ക്കാനായി ചെങ്ങളത്തുകാവ് ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുന്ന വഴിയാണ് ശിവൻ ഇടഞ്ഞോടി അക്രമം കാട്ടിയത്. ഒന്നാം പാപ്പാൻ തിരുവനന്തപുരം ശ്രീവരാഹം പനമൂട് വീട്ടിൽ വിക്രം (26) ചങ്ങലയിൽ പിടിച്ച് ഇറങ്ങാൻ ശ്രമിക്കുന്നതിനിടയിലാണ് ബസിനും വൈദ്യത പോസ്റ്റിനുമിടയിൽപ്പെട്ട് ചതഞ്ഞരഞ്ഞ് മരിച്ചത്. വിക്രമിന്റെ വിവാഹനിശ്ചയം നാളെ നടക്കാനിരിക്കെയാണ് അത്യാഹിതം.

മുൻ പാപ്പൻ മനോജ് സർവീസിൽ നിന്ന് വിരമിക്കാൻ ആറു മാസമേയുള്ളു. ഇതിനാലാണ് വിക്രമിനെ ഒന്നാം പാപ്പാനായി നിയമിച്ചത്. വിക്രം എത്തിയിട്ട് ഒന്നര മാസമേയായുള്ളു. ആന പുതിയ പാപ്പാനെ പൂർണമായി അനുസരിക്കണമെങ്കിൽ രണ്ട് മാസത്തിൽ അധികമെടുക്കും. ചെങ്ങളത്തുകാവിലായിരുന്നു ആനയെ താത്കാലികമായി തളച്ചിരുന്നത്.

ഇന്നലെ വൈകുന്നേരം അഞ്ചു മണിയോടെ ഇല്ലിക്കൽ ജംഗ്ഷനിലാണ് തിരുനക്കര ശിവൻ ഇടഞ്ഞത്. വിരണ്ട് ഓടിയ ആന ആമ്പക്കുഴി ഭാഗത്തെത്തി. എതിർദിശയിൽ വന്ന സ്വകാര്യ ബസിൽ കൊമ്പുതട്ടി മുൻവശത്തെ ചില്ല് തകർന്നിരുന്നു. റോഡിൽ നിലയുറപ്പിച്ച ആനയെ മുൻ പാപ്പാൻ മനോജ് എത്തിയാണ് ശാന്തനാക്കിയത്. വിക്രമിന്റെ മൃതദേഹം ഇന്ന് പോസ്റ്റുമോർട്ടത്തിനുശേഷം ഉച്ചയോടെ ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. പിതാവ്: മധുകുമാർ. അമ്മ: സുനി.