vndipta

ചങ്ങനാശേരി : ഒരു അടി പോലും വീതിയില്ലാത്ത ഒരു കുടുസ് ഇടനാഴി. മുന്നോട്ട് പോകുന്തോറും വീതിയും കുറഞ്ഞ് വഴിയും വീടും അവസാനിക്കുന്നു. രണ്ട് വലിയ മതിലുകൾക്കിടയിൽ ആറ് ചെറുവീടുകളും അതിൽ കുറച്ചു ജീവനുകളും. മനസ് മരവിപ്പിക്കുന്ന ഈ കാഴ്ച വികസനത്തിന്റെ അതിവേഗപാതയിൽ പാതയിൽ ബഹുദൂരം സഞ്ചരിക്കുന്ന ചങ്ങനാശേരിയുടെ ഹൃദയഭാഗമായ വണ്ടിപ്പേട്ടയിലാണ്. അതീവശോച്യാവസ്ഥയിലായ ഇവിടം നഗരസഭയുടെ മുപ്പത്തിമൂന്നാം വാർഡിലാണ്.

കൈക്കുഞ്ഞും കിടപ്പുരോഗികളുമായി ഇവിടെ നിരവധിപേർ വസിക്കുന്നുണ്ട്. എന്നാൽ വോട്ടഭ്യർത്ഥിക്കാനല്ലാതെ ആരും ഇവിടെയ്ക്ക് തിരിഞ്ഞുനോക്കാറില്ല. ആരെങ്കിലും തങ്ങളുടെ ദൈന്യത തുറന്നുപറഞ്ഞാൽ പിന്നെ അതായി പുകില്. കുടിവെള്ളം വേണമെങ്കിൽ വണ്ടിപ്പേട്ടയിലെ പൊതു കിണറിൽ നിന്ന് കിലോമീറ്ററുകൾ തലച്ചുമടായി കൊണ്ടുവരണം. അല്ലെങ്കിൽ മഴവെള്ളം തന്നെ ആശ്രയം. നഗരസഭയിൽ നിന്ന് കുടിവെള്ളത്തിനായി പൈപ്പ് സ്ഥാപിച്ചിട്ടുണ്ടെങ്കിലും വല്ലപ്പോഴുംമാത്രമാണ് ഇത് കനിയുന്നത്. വെള്ളം തലച്ചുമടായി കൊണ്ടുവന്നാലും ഇടുങ്ങിയ വഴികാരണം എത്തിപ്പെടാനും പ്രയാസമാണ്. അതിനാൽ കുടത്തിൽ കൊണ്ടുവരുന്ന വെള്ളം ചെറു പാത്രങ്ങളിലാക്കിയശേഷം വേണം വീടുകളിലേയ്ക്ക് കൊണ്ടുപോകാൻ. മഴ തുടങ്ങിയാൽ പിന്നെ ഇടവഴി മുഴുവൻ മഴവെള്ളം ശേഖരിക്കാനുള്ള പാത്രങ്ങളായിരിക്കും.

ടോയ്ലറ്റ്, കുളിമുറി തുടങ്ങി പ്രാഥമിക അടിസ്ഥാന സൗകര്യങ്ങൾ ഒന്നും തന്നെ ഇവിടെയില്ല. മലമൂത്ര വിസർജനം നടത്തുന്നത് പ്ലാസ്റ്റിക്ക് കവറുകളിലാക്കി രാത്രിയിൽ ആളൊഴിഞ്ഞ സ്ഥലത്ത് നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. പുറമ്പോക്ക് ഭൂമിയായതിനാൽ സർക്കാരിൽ നിന്നുള്ള ഒരു ആനുകൂല്യങ്ങളും ഇവർക്ക് ലഭിക്കുന്നില്ല.

ഇഴജന്തുക്കളുടെ ശല്യം ഇവിടെ രൂക്ഷമാണ്. പാമ്പുകടിയേറ്റ് ഒരാൾ ഇവിടെ മരിച്ചിട്ടുണ്ട്. അടുത്തകാലത്ത് പ്രദേശവാസിയായ സരസമ്മ രാജേന്ദ്രനെ വിഷം തീണ്ടിയിട്ടുണ്ട്. വഴിലൈറ്റുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും മിഴിതുറക്കുന്ന പതിവില്ല. സന്ധ്യമയങ്ങിയാൽ പ്രദേശം ഇരുട്ടിലാകും.

ഓരോ മഴയും കാറ്റും ഇവരുടെ ഹൃദയമിടിപ്പും കൂട്ടും. സമീപത്തുള്ള സ്വകാര്യമില്ലിന്റെ ഭിത്തിയാണ് ഇവരുടെ വീടുകൾക്ക് താങ്ങ്. കൂറ്റൻ മതിലുകൾക്കിടയിലെ സ്വകാര്യ

വ്യക്തിയുടെ വസ്തുവിലെ ഉയരംകൂടിയ തെങ്ങ് ഇവർക്ക് ഉറക്കമില്ലാത്ത രാത്രികളാണ് നൽകിയിരുന്നത്. അശ്വതി എന്ന പൊതുപ്രവർത്തക മുൻകൈയെടുത്ത് പൊലീസുകാരുടെ നേതൃത്വത്തിൽ അടുത്തകാലത്താണ് തെങ്ങ് മുറിച്ചു മാറ്റിയത്. പ്രളയകാലത്ത് സമീപത്തെ മതിൽ ഇടിഞ്ഞു വീടുകൾ തകർന്നിരുന്നു. ഇവിടത്തെ വീടുകളുടെ മേൽക്കൂരയും ഭിത്തിയും വാതിൽപ്പടികളും പൂർണ്ണമായും തകർന്ന നിലയിലാണ്. മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്നതിനാൽ രാത്രിയിൽ വണ്ടിപ്പേട്ടയിലെ ആളൊഴിഞ്ഞ കടത്തിണ്ണകളാണ് പലപ്പോഴും ഇവർക്ക് ആശ്രയം. നാല് വർഷമായി കിടപ്പിലായ ഏലിയാമ്മ എന്ന 96 കാരിയും ഇവർക്കൊപ്പമുണ്ട്. ജനറൽ ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന നഴ്സിന്റെ സേവനമാണ് ഏക ആശ്വാസം.

രണ്ടോ മൂന്നോ സെന്റ് സ്ഥലത്ത് അടിസ്ഥാന സൗകര്യങ്ങളുള്ള ചെറിയ ഒരു വീട് അതാണ് ഇവരുടെ ആഗ്രഹം. എന്നാൽ. ലൈഫ് പദ്ധതി പ്രകാരം വീട് നിർമ്മിക്കുന്നതിനായി ഇവരുടെ പക്കൽ നിന്ന് അപേക്ഷകൾ സ്വീകരിച്ചിട്ടുണ്ട്. എന്നാൽ, മാധ്യമങ്ങളിൽ വാർത്ത വന്നതിനാൽ ഇവർക്ക് വീട് നൽകില്ലെന്ന വാശിയിലാണ് അധികൃതർ.

കംഫർട്ട് സ്റ്റേഷൻ നിർമ്മിക്കും

വണ്ടിപ്പേട്ടയിൽ പൊളിച്ചുമാറ്റിയ പൊതു ടോയ്ലെറ്റ് നിർമ്മിക്കുന്നതിന് നഗരസഭയുടെ കംഫർട്ട് സ്റ്റേഷൻ ഫണ്ടിൽ നിന്ന് 5 ലക്ഷം രൂപ വകയിരിത്തിയിട്ടുണ്ട്. ഇതിനായുള്ള ടെൻഡർ നടപടികൾ പൂർത്തിയായി. നിർമ്മാണം എത്രയും വേഗം ആരംഭിക്കും. എന്നാൽ, ഗവൺമെന്റിൽ നിന്ന് ഓർഡർ ലഭിച്ചാൽ മാത്രമേ വീട് നൽകാൻ കഴിയൂവെന്നാണ് അധികൃതർ പറയുന്നത്.