കോട്ടയം: കഴിഞ്ഞ ദിവസം ചെങ്ങളത്ത് തിരുനക്കര ശിവൻ എന്ന ആന ഇടഞ്ഞോടിയതാണ് ദേവസ്വം ബോർഡ് അധികൃതരുടെ നിരുത്തരവാദപരമായ സമീപനം മൂലമാണെന്ന് ആക്ഷേപം. ഇന്നേവരെ ഒരു ഉറുമ്പിനെപോലും നോവിക്കാത്ത ശിവൻ ഇടഞ്ഞ് ഒന്നാം പാപ്പാനായ വിക്രമിന്റെ മരണത്തിന് കാരണമായെങ്കിൽ അതിന് ഉത്തരവാദികൾ ദേവസ്വം ബോർഡ് അധികൃതർ തന്നെയെന്ന് ആനപ്രേമിസംഘങ്ങൾ ഒരേസ്വരത്തിൽ പറയുന്നു. പരിചയക്കുറവുള്ള പാപ്പാൻമാരെ മാറിമാറി നിയമിച്ചതാണ് ശിവൻ ഇടയുന്ന തരത്തിലേക്ക് കാര്യങ്ങൾ എത്തിച്ചത്. മാസങ്ങൾക്കിടയിൽ മൂന്ന് പാപ്പാൻമാരാണ് ആനയെ ചട്ടംപഠിപ്പിക്കാനെത്തിയത്. കടുത്ത മർദ്ദനമാണ് ആനയ്ക്ക് നേരിടേണ്ടിവന്നത്. ഇത് പ്രകോപനത്തിന് കാരണമായി.

ശിവനെ ഏതാനും മാസങ്ങളായി ചെങ്ങളത്തെ ക്ഷേത്രപരിസരത്താണ് തളച്ചിരിക്കുന്നത്. തിരുനക്കര ക്ഷേത്രത്തിലെ ആനത്തറിയിൽ നിന്ന് ശിവനെ ചെങ്ങളത്തേക്ക് മാറ്റിയതും ഭക്തർക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ആനയെ ചെങ്ങളത്തേക്ക് മാറ്റിയതിന് പിന്നിൽ ദേവസ്വം ബോർഡിലെ ചില ഉദ്യോഗസ്ഥരുടെ വ്യക്തിതാൽപര്യമുണ്ടായിരുന്നതായി ആരോപണം അന്നേ ഉയർന്നതാണ്. പാപ്പാൻമാരെ അടിക്കടി മാറ്റിയതിൽ ദേവസ്വം ബോർഡ് അധികൃതർക്കെതിരെ തിരുനക്കര ക്ഷേത്ര ഉപദേശകസമിതിയിൽ നിന്ന് പോലും കടുത്ത എതിർപ്പ് ഉയർന്നിരുന്നു. ഈ എതിർപ്പ് അവഗണിച്ചതും ദുരന്തത്തിന് വഴിമരുന്നിട്ടു.

ചൊവ്വാഴ്ചച തിരുനക്കര മഹാദേവക്ഷേത്രത്തിൽ എഴുന്നള്ളിച്ച ശേഷം ചെങ്ങളത്തേക്ക് തിരികെകൊണ്ടുപോകും വഴിയാണ് ശിവൻ ഇടഞ്ഞോടിയത്. ഒന്നരമാസം മുമ്പ് മാത്രം ചുമതലയേറ്റ വിക്രമിനെ ആന പൂർണ്ണമായും അനുസരിച്ചില്ല. തിരുനക്കര ക്ഷേത്രത്തിലെ ആനയാണെങ്കിലും ശിവന്റെ എഴുന്നള്ളിപ്പ് കാര്യങ്ങളിൽ ക്ഷേത്ര ഉപദേശസമിതിക്ക് നിയമപരമായി അധികാരമില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡിനാണ് ഇക്കാര്യങ്ങളിൽ തീരുമാനമെടുക്കാനുള്ള പൂർണ്ണചുമതല. പാപ്പാന് ചട്ടമാകാത്ത ആനയെ എഴുന്നള്ളിപ്പിന് ഉപയോഗിച്ചത് ദേവസ്വം ബോർഡിന്റെ ഭാഗത്ത് നിന്നുള്ള ഗുരുതരമായ വീഴ്ചയാണ്.

നിയമനത്തിൽ രാഷ്ട്രീയ താൽപര്യം

രാഷ്ട്രീയ താൽപര്യങ്ങൾക്ക് അനുസരിച്ചാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് പാപ്പാൻമാരെ സ്ഥലംമാറ്റുന്നതെന്നും ആരോപണമുണ്ട്. ദേവസ്വം ബോർഡിന്റെ മുപ്പതിലധികം ആനകളിൽ വിരലിൽ എണ്ണാവുന്നവ മാത്രമാണ് മുൻനിര എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുന്നത്. കൂടുതൽ എഴുന്നള്ളിപ്പുകളിൽ പങ്കെടുക്കുന്ന ആനകളിൽ ചുമതലയേൽക്കാൻ പാപ്പാൻമാർക്കിടയിലും കിടമത്സരമാണ്. പലപ്പോഴും പാപ്പാൻമാരുടെ സ്ഥലം മാറ്റത്തിന് പിന്നിൽ രാഷ്ട്രീയ നേതാക്കളുടെ ശുപാർശയുണ്ട്. ഒപ്പം ദേവസ്വം ബോർഡിലെ ഉന്നത ഉദ്യോഗസ്ഥരുടെ താൽപര്യവും വ്യക്തമാണ്.

ദേവസ്വം ബോർഡിനെതിരെ പരാതി

തിരുനക്കര ശിവൻ ഇടഞ്ഞ് പാപ്പാൻ മരിക്കാനിടയായ സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിനെതിരെ പരാതിയുമായി ഹെറിറ്റേജ് ആനിമൽ ടാക്സ് ഫോഴ്സ് എന്ന സംഘടന രംഗത്തെത്തി. പാപ്പാൻമാരുടെ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറി വി.കെ. വെങ്കിടാചലമാണ് വനംവകുപ്പ് ഇന്റലിജൻസ് വിഭാഗത്തിന് പരാതി നൽകിയത്.