കോട്ടയം : നീണ്ടൂർ ജെ.യെസ് ഫാം സ്ഥാപകൻ ജോയി ലൂക്കോസ് ചെമ്മാച്ചേലിന്റെ ആഗ്രഹപ്രകാരം ആരംഭിച്ച ജോയ് ചെമ്മാച്ചേൽ വെഡ്ഡിംഗ് പ്രോജക്ടിന്റെ ഭാഗമായുള്ള സഹായവിതരണം നാളെ വൈകിട്ട് 5 ന് നീണ്ടൂർ പള്ളിയിലെ രാജമക്കൾ ഹാളിൽ നടക്കും. മകന്റെ വിവാഹത്തിന്റെ ഭാഗമായി നിർദ്ധനരായ പെൺകുട്ടികളുടെ വിവാഹം നടത്തണമെന്ന് മരിക്കുന്നതിന് മുൻപായുള്ള ജോയ് ചെമ്മാച്ചേലിന്റെ ആഗ്രഹപ്രകാരം 15 പെൺകുട്ടികളുടെ വിവാഹമാണ് ബന്ധുക്കൾ ഏറ്റെടുത്തത്. വിവാഹച്ചെലവിലേയ്ക്ക് ഒരു ലക്ഷം രൂപയും ഒരു ലക്ഷം രൂപയുടെ സ്വർണവും ഒരു ലക്ഷം രൂപ പാരിതോഷികവും അടക്കം മൂന്ന് ലക്ഷം രൂപയാണ് നൽകുക. ചടങ്ങിൽ ധനസഹായം വിതരണം ചെയ്യുന്നതിനൊപ്പം വധൂവരൻമാരെ ആദരിക്കും. സമ്മേളനം മന്ത്രി കെ.രാജു ഉദ്ഘാടനം ചെയ്യും. പാരിതോഷിക വിതരണം മന്ത്രി പി.തിലോത്തമൻ ഉദ്ഘാടനം ചെയ്യും. എം.പിമാർ,​ എം.എൽ.എമാർ സാമുദായിക നേതാക്കർ എന്നിവർ പങ്കെടുക്കും. ഷൈലാ ജോയി,​ ലൂക്കസ് ജോയി,​ ജിയോ ജോയി,​ ബേബിച്ചൻ ചെമ്മാച്ചേൽ,​ ജാസ്മിൻ ജേയിറ്റ്,​ റോബിൻ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.