ചങ്ങനാശേരി : മൂന്നുലിഫ്റ്റുകളുണ്ട്, പക്ഷെ പറഞ്ഞിട്ടെന്ത് കാര്യം. എല്ലാം പ്രവർത്തനരഹിതം. ഫലമോ റവന്യൂടവറിന്റെ മുകൾ നിലയിലെ ഓഫീസുകളിലേക്ക് എത്തണമെങ്കിൽ പടിക്കെട്ടുകൾ കയറിയിറങ്ങണം. പ്രായമായവരുടെയും വികലാംഗരുടെയും കാര്യമാണ് കൂടുതൽ കഷ്ടം. ആറ് നിലകളിൽ സർക്കാർ ഓഫീസുകൾ ഉൾപ്പെടെ നിരവധി സ്ഥാപനങ്ങളാണ് ഇവിടെ പ്രവർത്തിക്കുന്നത്. താലൂക്ക് ഓഫീസ് ഉൾപ്പെടെയുള്ളവ മൂന്നാം നിലയിലാണ്. ചില സമയങ്ങളിൽ ലിഫ്റ്റ് പ്രവർത്തിക്കുമെങ്കിലും വിശ്വസിച്ചാരും കയറില്ല. ഒരുമാസം മുൻപ് ലിഫ്റ്റ് കേടായി കുട്ടിയടക്കം ആറുപേർ കുടുങ്ങിയിരുന്നു. ഹൗസിംഗ് ബോർഡിന്റെ ഉടമസ്ഥതയിലാണ് റവന്യൂ ടവർ. നടത്തിപ്പിനായുള്ള മാനേജിംഗ് കമ്മിറ്റിയുടെ പ്രവർത്തനവും കാര്യക്ഷമമല്ല.
ദുരിതം മാത്രം കൂട്ട്
ടവറിന്റെ ശോചനീയാവസ്ഥ ദിനംപ്രതി വർദ്ധിക്കുകയാണ്. പ്രാഥമികാവശ്യങ്ങൾ നിറവേറ്റാൻ പോലും ആവശ്യത്തിന് സൗകര്യമില്ല. ടാപ്പുകളിൽ ഉച്ചയ്ക്ക് 1 മുതൽ 1.30 വരെ മാത്രമാണ് വെള്ളം ലഭിക്കുന്നത്. നിരവധി സ്ത്രീ ജീവനക്കാർ ഉൾപ്പെടെ ഇവിടെ ജോലി ചെയ്യുന്നുണ്ട്. ടവറിന് ചുറ്റും മാലിന്യം കുന്നുകൂടി കിടക്കുകയാണ്. ചീഞ്ഞളിഞ്ഞ മാലിന്യത്തിൽ നിന്ന് രൂക്ഷമായ ദുർഗന്ധമാണുയരുന്നത്. ഭിന്നശേഷിക്കാർക്കായി ക്രമീകരിച്ചിരിക്കുന്ന വീൽച്ചെയറുകൾ തുരുമ്പെടുത്ത് നശിക്കുകയാണ്.