കോട്ടയം: അത്യന്താധുനിക സൗകര്യങ്ങളുള്ള ജില്ലാ മൃഗാശുപത്രി കെട്ടിടം പള്ളിപ്പുറത്ത്കാവിന് സമീപം പ്രവർത്തന സജ്ജമായി. സ്കാനിംഗ്, ഓപ്പറേഷൻ തിയേറ്റർ, ലാബ്, മരുന്ന് അടക്കം സൗജന്യ സേവനം ലഭിക്കുന്ന ജില്ലയിലെ ഏക സ്ഥാപനമാണിത്.
മൂന്ന് നിലകളിലായുള്ള കെട്ടിടം 5വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പൂർത്തിയായത്. പ്രത്യേക പരിശോധനാമുറി, ഡോക്ടർമാർക്കുള്ള മുറി, മൃഗങ്ങൾക്കുള്ള ഓപ്പറേഷൻ തിയേറ്റർ ആധുനികരീതിയിലുള്ള പരിശോധനാ ലാബ്, ഐ. സി. യു. എന്നിവയാണ് പ്രധാന പ്രത്യേകത. രണ്ടും മൂന്നും നിലകളിൽ ജില്ലാ ജന്തുനിവാരണ സെൽ, രാത്രി ഡ്യൂട്ടിയുള്ള ഡോക്ടറുടെ മുറി, എലിഫന്റ് സ്‌ക്വാഡ്, ജില്ലാ ലാബ്, ഫാർമേഴ്‌സ് ട്രെയിനിംഗ് സെന്റർ, മൊബൈൽ വെറ്ററിനറി ആശുപത്രി എന്നിവയുടെ ഓഫീസുകൾ പ്രവർത്തിക്കും. മുകൾ നിലയിൽ സെമിനാർ ഹാളുമുണ്ട്. കുളമ്പുരോഗം പോലുള്ള സാംക്രമിക രോഗങ്ങൾ നിയന്ത്രിക്കുന്നതിനും ജില്ലാ തലത്തിൽ അനിമൽ ഡിസീസ് കൺട്രോൾ പ്രോജക്ട് പ്രവർത്തിക്കും. ക്യാമ്പ് ഡിസ്‌പെൻസറികൾക്കായി മൊബൈൽ വെറ്ററിനറി സൗകര്യവും ഒരുക്കിയിട്ടുണ്ട്. കൂടാതെ വിജ്ഞാന വ്യാപന പ്രവർത്തനങ്ങൾക്കായി വിപുലമായ സജ്ജീകരണവും ഒരുക്കി.
ചികിത്സ 24 മണിക്കൂറും
അരുമ മൃഗങ്ങളൊഴികെ എല്ലാത്തിനും ചികിത്സ സൗജന്യമാണ്. അരുമ മൃഗങ്ങൾക്ക് ലാബ് സ്കാനിംഗ്, ലാബ് ടെസ്റ്റ് എന്നിവയ്ക്ക് ചെറിയ ഫീസ് നൽകണം. അരുമ മൃഗങ്ങൾക്കും മറ്റുള്ളവയ്ക്കും വെവ്വേറെ ചികിത്സാ മുറികളുണ്ട്. ഒ.പി രാവിലെ 8 മുതൽ രാത്രി 8 വരെയാണെങ്കിലും ചികിത്സ 24 മണിക്കൂറും ലഭ്യമാണ്.
നിർമാണ
ചെലവ്
3.40 കോടി
പ്രത്യേകതകൾ
ആധുനിക സൗകര്യമുള്ള ഓപ്പറേഷൻ തീയറ്ററുകൾ,
രോഗ നിർണയത്തിനുള്ള ആധുനിക സ്‌കാനിംഗ്
ലബോറട്ടറിയും പകർച്ചവ്യാധി നിയന്ത്രണവിഭാഗവും
തെരുവുനായ വന്ധ്യംകരണ പദ്ധതി ഏകീകരണം
ജില്ലാ പഞ്ചായത്തുമായി സഹകരിച്ച് ന്യായവില മെഡിക്കൽ ഷോപ്പ്, മീറ്റ് ഇന്ത്യയുമായി സഹകരിച്ച് ഷോപ്പ്, കുടുംബശ്രീ ചിക്കൻ സ്റ്റാൾ എന്ന പ്രാവർത്തികമാക്കുന്നതിന് നടപടി സ്വീകരിക്കും''
ഡോ. കെ.എം ദിലീപ്, ജില്ലാ മൃഗസംരക്ഷണ ഓഫീസർ