കോട്ടയം : തിരുനക്കര ശിവന് മദപ്പാടില്ലെന്ന് വിദഗ്ദ്ധ പരിശോധനയിൽ കണ്ടെത്തിയതോടെ ആന ഇടയാൻ കാരണം പാപ്പാൻമാരുടെ മർദ്ദനമാണെന്ന ആരോപണം ബലപ്പെട്ടു.

പട്ട താഴെയിട്ടതിന് ഇല്ലിക്കൽ ചിന്മയ സ്കൂളിന് മുന്നിൽവച്ച് ശിവനെ പാപ്പാന്മാർ ക്രൂരമായി മർദ്ദിക്കുന്നത് പലരും കണ്ടതാണ്. മർദ്ദനമേറ്റ് പേടിച്ച് ശിവൻ ഓടുന്നതിനിടയിൽ സ്വകാര്യ ബസിനു മുന്നിലെത്തി. പട്ട താഴെയിടാതിരുന്നതിനാൽ അതിൽ തട്ടിയാണ് ബസിന്റെ ഗ്ലാസ് തക‌ർന്നത്. ആനയെ നിയന്ത്രിക്കാൻ ശ്രമിച്ച പാപ്പാൻ പോസ്റ്റിനും ആനയുടെ വയറിനുമിടയിൽ ഞെരിഞ്ഞ് മരിക്കുകയായിരുന്നു. മദപ്പാടിലായിരുന്നെങ്കിൽ പാപ്പാനെ കുലുക്കി താഴെയിട്ടേനെ. കാണുന്നതെല്ലാം തകർത്തേനേ. പഴയ പാപ്പാൻ മനോജ് വിളിച്ചപ്പോൾ ആന കൊമ്പുകുത്തിയതും മദപ്പാടില്ലാത്തതിനാലാണ്.

സോഷ്യൽ ഫോറസ്റ്ററി എ.സി.എഫ് പ്രസാദിന്റെ നേതൃത്വത്തിൽ വെറ്ററിനറി ഡോക്ടർമാർ ആനയെ പരിശോധിച്ച് മദപ്പാടില്ലെന്നു കണ്ടെത്തി. ഹോർമൺ അളവ് 0.5 മാത്രമായിരുന്നു .

ചട്ടമാകുംമുമ്പാണ് മരിച്ച പാപ്പാൻ വിക്രം ആനയെ ഏഴുന്നള്ളിച്ചതെന്നും തിരുനക്കര അൽപ്പനി ഉത്സവത്തിന് കൊണ്ടുവന്നത് നാട്ടാന പരിപാലന നിയമം ലംഘിച്ചാണെന്നും ആരോപണം ഉയർന്നിട്ടുണ്ട്. സ്കൂൾ, കോളേജ് വിട്ട സമയവും തിരക്കും കണക്കിലെടുക്കാതെ പട്ടയുമായി ആനയെ കൊണ്ടു പോയതും ചട്ടലംഘനമാണ്. ആന നിൽക്കുന്ന സ്ഥലത്ത് പട്ടകൊടുക്കണമെന്നാണ് നിയമം.

എട്ടു പാപ്പാന്മാർ മാറി

വൈക്കത്തപ്പൻ, കൃഷ്ണൻകുട്ടി , വിദ്യാധരൻ, നടേശൻ , മനോജ്, മണിക്കുട്ടൻ, വിഷ്ണു ,വിക്രം എന്നിവർ പാപ്പാന്മാരായിരുന്നു. ഇത്രയും പേരെ മാറ്റിയതിന് കാരണമില്ല . ആനയെ മർദ്ദിച്ചു കൊമ്പുകുത്തിച്ചു വേണം പുതിയ ചട്ടം പഠിപ്പിക്കാൻ. മദപ്പാട് വരാതിരിക്കാൻ ദോഷകരമായ മരുന്ന് നൽകിയെന്ന ആരോപണവുമുണ്ട്. പാപ്പാന്മാരെ സ്ഥിരമായി മാറ്റുന്നത് ബോധപൂർവമെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വനം വന്യജീവി ബോർഡംഗം കെ.ബിനു പറഞ്ഞു. പുതിയ ചട്ടം പഠിക്കുന്ന ആനയെ എഴുന്നള്ളിക്കാനാവില്ല . ആന ലോബിയിൽ നിന്ന് കമ്മിഷൻ പറ്റി ദേവസ്വം ബോർഡ് അധികൃതർ ഇതിന് പിന്നിൽ കളിച്ചിട്ടുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ശിവന് വേണ്ടത്ര പരിചരണമില്ലെന്ന പരാതി മുഖ്യമന്ത്രിക്ക് നൽകിയിരുന്നു. പ്രശ്നക്കാരായ ആനകളുടെ ലിസ്റ്റിൽപെടുത്തി പരിശോധന നടത്തിയെങ്കിലും കുഴപ്പമില്ലെന്നാണ് കണ്ടെത്തിയതെന്നും ബിനു പറഞ്ഞു.

തിരുനക്കര ശിവന് എതിരെയുള്ളള്ള സ്വകാര്യ ആന മുതലാളിമാരുടെ ഗൂഢാലോചന പുറത്തുകൊണ്ടുവരണം. ശിവനെ മർദ്ദിച്ചു പ്രകോപിതനാക്കിയതാണ് പാപ്പാൻ മരിക്കാനിടയായത്. ക്ഷേത്ര ഉപദേശക സമിതിയുടെയും ദേവസ്വം ബോർഡിന്റെയും ജാഗ്രത കുറവ് ഇതിന് പിന്നിലുണ്ട്. ആനയുമായടുത്ത പാപ്പാൻ മനോജിനെ മാറ്റിയത് തങ്ങളുടെ താത്പര്യങ്ങൾക്ക് വഴങ്ങാത്തയാളെന്ന് കണ്ടെത്തിയാണ്. തലയെടുപ്പുള്ള ആനയായ ശിവനെ കുഴപ്പക്കാരനാക്കി ചിത്രീകരിച്ച് മാറ്റി നിറുത്തി തങ്ങളുടെ ആനകളെ എഴുന്നള്ളിക്കാനുള്ള ചില ആന മുതലാളിമാരുടെ നീക്കത്തിന് ദേവസ്വം ബോർഡിലെയും ഉപദേശകസമിതിയിലെയും ചിലർ കൂട്ടു നിന്നു.

ജയകുമാർ തിരുനക്കര, ക്ഷേത്ര ഉപദേശക സമിതി മുൻസെക്രട്ടറി