പൊൻകുന്നം : ആദ്യം അമ്മമാരെ ഞങ്ങൾ പഠിപ്പിക്കാം, അതുകഴിഞ്ഞ് ഞങ്ങളെ പഠിപ്പിച്ചാൽ മതി. ചിറക്കടവ് സെ്ന്റ് ഇഫ്രേംസ് ഹൈസ്‌കൂളിൽ ഹൈടെക്ക് അമ്മമാരാകാൻ വന്നവരോട് കുട്ടികൾ പറഞ്ഞതാണ്. ലിറ്റിൽ കൈറ്റ്‌സ് പദ്ധതിയുടെ ഭാഗമായാണ് അമ്മമാർ സ്‌കൂളിൽ എത്തിയത്. കുട്ടികളുടെ സഹായത്തോടെ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ അമ്മമാരെ പ്രാപ്തരാക്കും. അതിനുശേഷം അമ്മമാർ പാഠഭാഗങ്ങൾ ഫോണിലൂടെ മക്കളെ പഠിപ്പിക്കും.
ഇതിന്റെ ഭാഗമായി സ്‌കൂളിലെ ലിറ്റിൽ കൈറ്റ്‌സ് യൂണിറ്റിന്റെ നേതൃത്വത്തിൽ പുതിയ വിവരസാങ്കേതിക വിദ്യകൾ ഉപയോഗിച്ച് മക്കളെ പഠിപ്പിക്കാൻ അമ്മമാർക്ക് കുട്ടികൾതന്നെ പരിശീലനം നൽകി. പാഠപുസ്തകത്തിലെ ക്യു ആർ കോഡ് സ്‌കാൻ ചെയ്ത് ഉപയോഗിക്കുന്ന വിധം,ഹൈടെക്ക് ക്ലാസ് റൂം പഠനരീതി, സമഗ്ര വിദ്യാഭ്യാസ വിഭവപോർട്ടൽ ,വിക്ടേഴ്‌സ് ചാനലിലെ വിദ്യാഭ്യാസപരിപാടികൾ,സൈബർ സുരക്ഷ എന്നിവയിലാണ് അമ്മമാർക്ക് പരിശീലനം നൽകിയത്. അദ്ധ്യാപകർക്കും ലിറ്റിൽ കൈറ്റ്‌സ് അംഗങ്ങൾക്കും വീഡിയോ കോൺഫറൻസ് വഴി പരിശീലനം ലഭിച്ചിരുന്നു.
മൊബൈൽ ഫോൺ,ഇന്റർനെറ്റ് ഇവയുടെ ഉപയോഗം സമൂഹത്തിൽ സൃഷ്ടിച്ച മാറ്റങ്ങൾ കണക്കിലെടുത്താണ് പുതിയ പഠനരീതി ആവിഷ്‌ക്കരിച്ചത്. വീടുകളിലെ സ്മാർട്ട് ഫോണുകൾ വിദ്യാർത്ഥികളുടെ പഠനപ്രവർത്തനങ്ങൾക്കായി പ്രയോജനപ്പെടുത്തുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. പരിശീലന പരിപാടി സെന്റ്.ഇഫ്രേംസ് ഹൈസ്‌കൂൾ ഹെഡ്മിസ്ട്രസ് വിമലജേക്കബ് ഉദ്ഘാടനം ചെയ്തു. ലിറ്റിൽ കൈറ്റ്‌സ് അദ്ധ്യാപകരായ ബോണിറ്റ സ്റ്റീഫൻ, ജോർട്ടിൻ മാത്യു എന്നിവർ പ്രസംഗിച്ചു.