കോട്ടയം: ഏറ്റുമാനൂർ മുതൽ ചിങ്ങവനം വരെയുള്ള പാത ഇരട്ടിപ്പിക്കലിനായി റവന്യു വകുപ്പ് ഏറ്റെടുത്ത സ്ഥലം റെയിൽവേയ്‌ക്ക് കൈമാറി. അടുത്ത ദിവസം തന്നെ നിർമ്മാണം ആരംഭിക്കുമെന്ന് റെയിൽവേ അറിയിച്ചു.
കഞ്ഞിക്കുഴി മേൽപ്പാലത്തിന്റെ നിർമ്മാണം ഏതാണ്ട് അന്തിമഘട്ടത്തിലാണ്. പ്ലാന്റേഷൻ കോർപ്പറേഷനു സമീപത്തെ മേൽപ്പാലം വീതി കൂട്ടി നിർമ്മിക്കുന്ന ജോലികളും ആരംഭിച്ചിട്ടുണ്ട്. രണ്ടു തുരങ്കപ്പാതകളും അതേപടി നിലനിർത്തി, ഇതിനു സമീപത്ത് രണ്ടു പാളങ്ങൾ വീതം നിർമ്മിക്കുന്നതിനാണ് പദ്ധതി . എന്നാൽ, നിർമ്മാണത്തിന്റെ അന്തിമ രൂപരേഖയിൽ മാറ്റമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന് റെയിൽവേ എൻജിനീയറിംഗ് വിഭാഗം വ്യക്തമാക്കി.
പാത ഇരട്ടിപ്പിക്കൽ പൂർത്തിയാകുമ്പോൾ നാഗമ്പടം ബസ് സ്റ്റാൻഡിൽ നിന്ന് എം.സി റോഡിലേയ്‌ക്കുള്ള നടപ്പാലം പൊളിച്ച് മാറ്റേണ്ടി വരും. ഈ പാലം റോഡിന് ഇക്കരെ എത്തുന്ന രീതിയിൽ നിർമ്മാണം പൂർത്തിയാക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്. യാത്രക്കാർക്ക് എം.സി റോഡ് മുറിച്ചുകടക്കാതെ തന്നെ നാഗമ്പടം ബസ് സ്റ്റാൻഡിലേയ്‌ക്കും തിരികെയും എത്താൻ ക്രമീകരണം ഒരുക്കണമെന്നാണ് ആവശ്യം. എന്നാൽ, റെയിൽവേ ഇതിനോട് അനുകൂലമല്ല .
മുട്ടമ്പലം റെയിൽവേ അടിപ്പാതയുടെയും മുപ്പായിക്കാട് ഭാഗത്തെ റെയിൽവേ രണ്ടാം പാലത്തിന്റെയും നിർമ്മാണവും ഇനി നടക്കേണ്ടതുണ്ട്. രണ്ടു വർഷത്തിനുള്ളിൽ ഇവയെല്ലാം പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.
നിർമ്മാണം വേഗത്തിലാക്കും
സ്ഥലമെടുപ്പ് പൂർത്തിയായതോടെ നിർമ്മാണം വേഗത്തിലാക്കാൻ സാധിക്കും. നേരത്തെ ഏറ്റെടുത്ത സ്ഥലത്ത് 40 ശതമാനം ജോലികളും പൂർത്തിയായി.
ജോസ് അഗസ്റ്റിൻ, റെയിൽവേ എൻജിനീയർ