പാലാ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധിയാളുകളിൽ നിന്ന് പണം വാങ്ങിയ ശേഷം സ്ഥാപന ഉടമകൾ മുങ്ങി. പാലാ കൊട്ടാരമറ്റം സാന്തോം കോംപ്ലക്‌സിിൽ പ്രവർത്തിക്കുന്ന ലൂമിനിയർ അക്കാഡമി ഒഫ് ഇംഗ്ലീഷ് എന്ന സ്ഥാപനത്തിന്റെ ഉടമകളായ കടപ്പാട്ടൂർ സ്വദേശി ദിവ്യ, പുലിയന്നൂർ തെങ്ങുംതോട്ടത്തിൽ റ്റിന്റു എന്നിവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേക്ഷണം ആരംഭിച്ചു. അഞ്ചു കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയിട്ടുള്ളതായാണ് സൂചന. വിവിധ ജില്ലകളിൽ നിന്നായി നിരവധി പരാതികൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കാനഡയിൽ ജോലി വാഗ്ദാനം ചെയ്തായിരുന്നു പ്രധാന തട്ടിപ്പ്. നഴ്‌സിംഗ് ജോലിക്കായി ശ്രമിച്ചവരാണ് തട്ടിപ്പിനിരയായതിൽ ഏറെയും. കാനഡയിലെ വിവിധ ആശുപത്രികളിൽ ജോലി വാഗ്ദാനം ചെയ്താണ് പണം വാങ്ങിയത്. അപേക്ഷ സ്വീകരിച്ച ശേഷം ജോലിയും വിസയും ലഭിച്ചതായുള്ള വ്യാജരേഖകൾ നല്കി അഞ്ചു ലക്ഷം രൂപ വീതമാണ് വാങ്ങിയിരുന്നത്. ഒരു വർഷം കഴിഞ്ഞിട്ടും പലർക്കും വിദേശത്ത് പോകാൻ സാധിച്ചില്ല. തട്ടിപ്പിനിരയായ അമ്മഞ്ചേരി സ്വദേശിനിയും അങ്കമാലി സ്വദേശികളും കാനഡയിലുള്ള സുഹൃുത്തുക്കൾ മുഖേന ആശുപത്രിയിലും എമിഗ്രേഷൻ ഓഫീസിിലും അന്വേഷിച്ചപ്പോഴാണ് സ്ഥാപന ഉടമകൾ നല്കിയ രേഖകൾ വ്യാജമാണന്ന് തിരിച്ചറിഞ്ഞത്. പണം തിരികെ നൽകണമെന്നാവശ്യപ്പെട്ടെങ്കിലും നൽകിയില്ല. തുടർന്ന് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകുകയായിരുന്നു. ഒക്ടോബർ 23ന് പാലാ സി.ഐ.യ്ക്ക് പരാതി നൽകിയെങ്കിലും എഫ്.ഐ.ആർ.ഇട്ട് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തിയതല്ലാതെ അന്വേഷണം നടത്തിയില്ലെന്ന് ആക്ഷേപമുണ്ട്. 31വരെ സ്ഥാപനം തുറന്നിരുന്നു. പരാതി നൽകിയതറിഞ്ഞ് ഈ മാസം ഒന്നാം തീയതിയാണ് സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങിയത്. അന്വേഷണം നടക്കുമ്പോൾ ഉടമകൾ മുങ്ങിയതിൽ ദുരുഹതയുണ്ട്. പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്ന് പണം നഷ്ടപ്പെട്ടവർ പറഞ്ഞു. എന്നാൽ അന്വേഷണം നടക്കുകയാണെന്ന് പാലാ സി.ഐ. അറിയിച്ചു.