എരുമേലി : എരുമേലി പ്രപ്പോസ് വാർഡിലെ കൊടിത്തോട്ടം നിവാസികൾ മിന്നലിനെ ഭയന്നാണ് രാക്ഷാചാലകം സ്ഥാപിച്ചത്.. എന്നാൽ മിന്നലിനെ തടുക്കാൻവച്ച ഉപകരണങ്ങൾ മിന്നലിനെ ക്ഷണിച്ചുവരുത്തുകയാണോയെന്നാണ് ഇപ്പോൾ ഇവരുടെ സംശയം. പെരിഞ്ചേരി പറമ്പിൽ അമ്മിണിയുടെ വീട്ടിലെ വൈദ്യുതി ഉപകരണങ്ങളാണ് കഴിഞ്ഞ ദിവസം ഇടിമിന്നലേറ്റ് നശിച്ചത്. എരുമേലി പഞ്ചായത്തിൽ കുന്നുകളും മലകളുമായി ഏറ്റവും ഉയർന്ന പ്രദേശമാണ് കൊടിത്തോട്ടം. കുടിവെള്ളം മഴക്കാലത്ത് മാത്രമാണ് ഇവിടെ ലഭിക്കുന്നത്. ഉയർന്ന മലഞ്ചെരിവ് ആയതിനാലാണ് ഇടിമിന്നൽ അപകടങ്ങൾ വർദ്ധിക്കുന്നത്. പലപ്പോഴായി നാലുപേർ മിന്നലേറ്റ് മരിച്ചിരുന്നു. തുടർന്നാണ് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് മൂന്നിടങ്ങളിൽ രക്ഷാചാലകം സ്ഥാപിച്ചത്. ആദ്യഘട്ടത്തിൽ അപകടങ്ങൾ കുറഞ്ഞെങ്കിലും പിന്നീട് വീണ്ടും ആവർത്തിക്കുകയാണ്. രക്ഷാ ചാലകങ്ങൾക്ക് പ്രവർത്തന ശേഷി നഷ്ടപ്പെട്ടെന്നാണ് സംശയം. എന്നാൽ മറ്റ് ചിലരാകട്ടെ രക്ഷാചാലകങ്ങൾ ഇടിമിന്നലിനെ ആകർഷിക്കുന്നതാണ് അപകടങ്ങൾ സൃഷ്ടിക്കുന്നതെന്ന് പറയുന്നു. ഭീതി ഒഴിവാക്കാനും അപകടങ്ങൾ ഇല്ലാതാക്കാനും ചാലകങ്ങളുടെ പ്രവർത്തനം പരിശോധിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. ഇടിമിന്നലേറ്റ് തകർന്ന വീട് വാർഡംഗം അന്നമ്മ രാജു സന്ദർശിച്ചു.