കോട്ടയം : 71 ശിവഗിരി തീർത്ഥാടനത്തിലും പങ്കെടുത്ത പേരൂർ കളപ്പുരയ്‌ക്കൽ കെ.കെ ദാമോദരൻ നവതിയുടെ നിറവിൽ. നാളെ കുമരകം വിരിപ്പുകാലായിൽ നടക്കുന്ന ശ്രീനാരായണ കൺവെൻഷനിൽ ശിവഗിരി മഠം ഗുരുധർമ്മ പ്രചാരണ സഭ ദാമോദരനെ ആദരിക്കും. രാവിലെ പത്തരയ്‌ക്ക് ശിവഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ അദ്ദേഹത്തെ ആദരിക്കും. പതിനെട്ടാം വയസിൽ എറികാട് കുന്നുംപുറത്തെ വീട്ടിൽ നിന്നുമായിരുന്നു ആദ്യ തീർത്ഥയാത്ര. ട്രെയിൻ മാർഗമാണ് ഇക്കുറിയും തീർത്ഥാടനം നടത്തുന്നത്. തനിയെയാണ് തൊണ്ണൂറാം വയസിലും യാത്ര. സുഹൃത്തുക്കളെയും, ബന്ധുക്കളെയും, നാട്ടുകാരെയും അടക്കം നിരവധി ആളുകളെ ഇദ്ദേഹം ശിവഗിരി തീർത്ഥാടനത്തിന്റെ വഴി പിടിച്ച് നടത്തിയിട്ടുണ്ട്. തീർത്ഥാടന തലേന്ന് ഡിസംബർ 29 ന് ശിവഗിരിയിൽ എത്തുന്ന ഇദ്ദേഹം, മൂന്നു ദിവസത്തെ സമ്മേളനത്തിൽ പങ്കെടുത്ത ശേഷമാവും മടങ്ങുന്നത്.