വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിലെ ആധുനിക മോർച്ചറിയിൽ സൂക്ഷിച്ചിരുന്ന മൃതദേഹം അഴുകിയതായി പരാതി. ചൊവ്വാഴ്ച രാവിലെ തലയാഴം തൃപ്പക്കുടം ക്ഷേത്രകുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഇടയാഴം ആഴ്‌വാടിയിൽ അനുപ്രസാദിന്റെ (24) മൃതദേഹം വൈക്കത്ത് പോസ്റ്റുമോർട്ടത്തിനുശേഷം സംസ്‌ക്കാരം ഇന്നലെ രാവിലെ നടത്താൻ നിശ്ചയിച്ചിരുന്നു. ശക്തിയേറിയ ശീതികരണ സംവിധാനങ്ങളുള്ള വൈക്കത്തെ ആധുനിക മോർച്ചറിയിൽ മൃതദേഹം ചൊവ്വാഴ്ച രാവിലെ പോസ്റ്റുമോർട്ടം നടത്തിയ ശേഷം മൃതദേഹം മോർച്ചറിയിലെ ഫ്രീസറിൽ സൂക്ഷിച്ചു. ബുധനാഴ്ച രാവിലെ സംസ്‌ക്കാരം നടത്തേണ്ടതിനാൽ ഇന്നലെ രാവിലെ മൃതദേഹം കിട്ടണമെന്ന വ്യവസ്ഥയിലാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതെന്ന് മരണപ്പെട്ട യുവാവിന്റെ ബന്ധുക്കൾ പറയുന്നു. ഇന്നലെ രാവിലെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹമേറ്റുവാങ്ങാൻ ബന്ധപ്പെട്ടവർ വന്നപ്പോൾ മൃതദേഹം ചീർത്ത് വികൃതമായാണ് കാണപ്പെട്ടതെന്നും ശരിയായ വിധം ശീതികരിക്കാൻ കഴിയാത്തതാണ് മൃതദേഹം വികൃതമാകാൻ കാരണമെന്ന് ബന്ധുക്കൾ ആരോപിക്കുന്നു. ഒരേ സമയം നാലു മൃതദേഹങ്ങൾ ശീതികരിച്ചു സൂക്ഷിക്കാൻ സൗകര്യമുള്ള മോർച്ചറി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് നിർമ്മിച്ചത്. ഈ മൃതദേഹത്തിന് പുറമെ ഫ്രീസറിൽ ഉണ്ടായിരുന്ന മറ്റു രണ്ടു മൃതദേഹങ്ങൾക്ക് തകരാർ സംഭവിച്ചിരുന്നില്ല. അതേ സമയം ആശുപത്രിക്ക് സംഭവത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്നും വെള്ളത്തിൽ കിടന്ന മൃതദേഹത്തിന് തകരാറ് സംഭവിക്കുന്നത് സ്വഭാവികമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. അനിത അറിയിച്ചു. സാധാരണ പോസ്റ്റുമോർട്ടം ചെയ്ത മൃതദേഹം മോർച്ചറിയിൽ സൂക്ഷിക്കാറില്ലെന്നും സംസ്‌ക്കാരം പിറ്റേന്ന് നടക്കുന്നതിനാലാണ് മൃതദേഹം മോർച്ചറിയിൽ സൂക്ഷിച്ചതെന്നുമാണ് ആശുപത്രി സൂപ്രണ്ട് നൽകുന്ന വിശദീകരണം. ആധുനിക മോർച്ചറിയിലെ ഫ്രീസറിന് തകരാറു സംഭവിച്ചിട്ടുണ്ടോയെന്ന് വിശദമായ പരിശോധന നടത്തണമെന്നും തകരാറുണ്ടെങ്കിൽ അടിയന്തിരമായി പരിഹരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.