തലയോലപ്പറമ്പ്: കേന്ദ്രസർക്കാർ സ്ഥാപനമായ വെള്ളൂർ ഹിന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് (എച്ച് എൻ എൽ ) ഏറ്റെടുക്കുവാനുള്ള സംസ്ഥാന സർക്കാർ ഇടപെടലുകൾ പുരോഗമിക്കുകയാണ്. ഇതിനായി 8 ന് കൊച്ചിയിൽ നടക്കുന്ന നാഷണൽ കമ്പനി ലോ ട്രിബ്യൂണലിന്റെ ഹിയറിംഗിൽ ഷെയർവാല്യു അസസ്‌മെന്റ് റിപ്പോർട്ട് സമർപ്പിക്കും. കമ്പനിയിൽ ഇതിനായുള്ള അസസ്‌മെന്റ് 2 ദിവസക്കാലമായി റിയാബിന്റെ നേതൃത്വത്തിൽ നടന്ന് വരികയാണ്. കമ്പനി ഏറ്റെടുക്കാൻ സംസ്ഥാനസർക്കാർ തയ്യാറാണെന്ന് കേന്ദ്ര സർക്കാരിനെ അറിയിച്ചിരുന്നു. എന്നാൽ വിൽപ്പനയ്ക്കായി കേന്ദ്രസർക്കാർ ചുമതലപ്പെടുത്തിയ ലിക്വിഡേറ്റർ ഭൂമി വിട്ടുനൽകാൻ തയ്യാറാകാത്തതിനെ തുടർന്നാണ് ഈ നടപടികളിലേക്ക് നീങ്ങണ്ടി വന്നത്.
എച്ച്എൻഎൽ സ്ഥാപിക്കുന്നതിനായി 700 ഏക്കർ ഭൂമി സംസ്ഥാന സർക്കാരാണ് കേന്ദ്രത്തിന് എറ്റെടുത്ത് നൽകിയത് .ആരംഭകാലം മുതൽ ലാഭത്തിലായിരുന്ന ഫാക്ടറി കേന്ദ്ര സർക്കാർ നയത്തിന്റെയും മാനേജ്‌മെന്റ് ഇടപെടലിനെയും തുടർന്ന് ഇടയ്ക്ക് നഷ്ടത്തിലേക്ക് കൂപ്പ് കുത്തുകയായിരുന്നു. ആധുനീവത്ക്കരണം നടത്തതാണ് കമ്പനിയിലെ കാലങ്ങളായ പ്രശ്‌നത്തിന് കാരണം. നിലവിൽ ഉത്പാദനം നിലച്ചതിനെ തുടർന്ന് ജീവനക്കാർക്ക് ഒരു വർഷമായി ശബളം ലഭിക്കാതെ വന്നതോടെ തൊഴിലാളികൾ ദുരിത ജീവിതം നയിക്കുകയാണ്.ഇപ്പോൾ സംസ്ഥാന സർക്കാർ നടത്തുന്ന ഇടപെടലുകളിൽ ഏറെ പ്രതീക്ഷയിലാണ് തൊഴിലാളികളും നാട്ടുകാരും. എച്ച് എൻ. എൽ പ്രവർത്തനം പ്രതിസന്ധിയിൽ ആയതോടെ നാട്ടുകാരും ദുരിതത്തിലാണ്. എച്ച്. എൻ. എൽ എത്രയും വേഗം പ്രവർത്തനം തുടങ്ങും എന്ന് പ്രതീക്ഷയിലാണ് നാട്ടുകാരും തൊഴിലാളികളും. പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം വിറ്റു തുലയ്ക്കുമ്പോൾ ആധുനിക നവീകരണ പ്രവർത്തനങ്ങളുമായി സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനം ഉയർത്തെഴുന്നെൽക്കുമോ എന്ന് ഇനിയും അറിയേണ്ടിയിരിക്കുന്നു.