കോട്ടയം: കാൽനടക്കാർക്ക് അപകടക്കെണിയായി എം.സി റോഡ് മാറുന്നു. കഴിഞ്ഞ ആറു മാസത്തിനിടെ എം.സി റോഡിൽ മാത്രം അപകടത്തിൽ മരിച്ചത് ആറ് കാൽനടയാത്രക്കാരാണ്. ഇത് കൂടാതെ ഇതു കൂടാതെ ഇരുപതോളം യാത്രക്കാർക്ക് പരിക്കേൽക്കുകയും ചെയ്‌തു. ഇന്നലെ രാവിലെ പത്തരയോടെ നാട്ടകം മുളങ്കുഴയിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചതാണ് ഏറ്റവും ഒടുവിലത്തെ സംഭവം. എം.സി റോഡ് മുറിച്ചു കടക്കുന്നതിനിടെ നാട്ടകം മുളങ്കുഴ അനുഗ്രഹയിൽ അയ്യപ്പൻനായരെ (88) ബൈക്ക് ഇടിക്കുകയായിരുന്നു. പരിക്കേറ്റ അയ്യപ്പൻനായർ മെഡിക്കൽ കോളേജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ വച്ചാണ് മരിച്ചത്.
ഇന്നലെ രാവിലെ പത്തരയോടെയായിരുന്നു സംഭവം. നാട്ടകം സർവീസ് കോ ഓപറേറ്റീവ് ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോറിലേയ്‌ക്ക് റോഡ് മുറിച്ചു കടന്നെത്തിയ അയ്യപ്പൻനായരെ ചിങ്ങവനം ഭാഗത്തു നിന്നും എത്തിയ ബൈക്ക് ഇടിച്ചു. ഇടിയേറ്റ് റോഡിൽ തലയിടിച്ച് വീണ അയ്യപ്പൻനായർ അബോധാവസ്ഥയിലായി. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. ഉച്ചയോടെ മരണം സംഭവിച്ചിരുന്നു.
രണ്ടാഴ്‌ച മുൻപ് ചിങ്ങവനം മന്ദിരം ജംഗ്ഷനിലും സമാന രീതിയിൽ അപകടം ഉണ്ടായിരുന്നു. മന്ദിരം ജംഗ്ഷനിൽ ചിങ്ങവനം സ്വദേശിയായ മീൻ വിൽപ്പനക്കാരൻ ഹംസയാണ് കാറിടിച്ച് മരിച്ചത്. റോഡ് മുറിച്ച് കടക്കുന്നതിനിടെ അമിത വേഗത്തിൽ എത്തിയ കാർ ഇടിക്കുകയായിരുന്നു. എം.സി റോഡിൽ കോടിമതയ്‌ക്കും ചങ്ങനാശേരിയ്‌ക്കും ഇടയിൽ അപകടത്തിപ്പെടുന്നതിൽ ഏറെയും കാൽനടയാത്രക്കാരാണ്. അശ്രദ്ധയും അമിത വേഗവുമാണ് അപകടത്തിന്റെ പ്രധാന കാരണം.
അപകടങ്ങളിൽ ഏറെയും പുലർച്ചെ നാലിനും എട്ടിനും ഇടയിൽ
രണ്ടു മാസത്തിടെ മരിച്ചത് ആറു പേർ ; പരിക്കേറ്റത് ഇരുപത് പേർക്ക്
കാരണങ്ങൾ ഇങ്ങനെ
അശ്രദ്ധമായി റോഡ് മുറിച്ച് കടക്കുന്നത്.
അശ്രദ്ധമായും അമിത വേഗത്തിലും വാഹനം ഓടിക്കുന്നത്.
അത്യാവശ്യം വേണ്ടത് റോഡിലെ മാന്യത
റോഡിൽ വാഹനം ഓടിക്കുന്നവരും, കാൽനടയാത്രക്കാരും അൽപം മാന്യത പുലർത്തുകയാണ് വേണ്ടത്. അതിവേഗം റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതും, അമിത വേഗത്തിൽ വാഹനം ഓടിക്കാൻ ശ്രമിക്കുന്നതുമാണ് അപകടത്തിന്റെ പ്രധാന കാരണം. ശ്രദ്ധയോടെയും മാന്യമായും വാഹനം ഓടിക്കുകയും റോഡ് മുറിച്ച് കടക്കുയും ചെയ്യുക.
എസ്.സുരേഷ്‌കുമാർ
ഡിവൈ.എസ്.പി
ചങ്ങനാശേരി