k

മല്ലികശ്ശേരി : എലിക്കുളം കാപ്പുകയം പാടശേഖരത്തിലെ കർഷകരിപ്പോൾ കണ്ണീർപ്പാടത്താണ്. നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന പാടത്തെ നെൽക്കതിരുകളെല്ലാം കെട്ടിക്കിടക്കുന്ന വെള്ളത്തിൽ ചീഞ്ഞളിഞ്ഞു ..... കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ പൊന്നൊഴുകും തോട് കരകവിഞ്ഞു കുത്തിയൊഴുകിയത് കർഷക സ്വപ്നങ്ങൾക്കു മേലേയാണ്.

' നാളിതുവരെ നന്നായി പരിപാലിച്ചു. ശക്തമായ കതിരുകളുമിട്ടിരുന്നു. കൊയ്യാൻ രണ്ടാഴ്ച മാത്രം ബാക്കി നിൽക്കെയാണ് അപ്രതീക്ഷിതമായി ശക്തമായ മഴ പെയ്തതും, പൊന്നൊഴുകും തോട് കര കവിഞ്ഞതും. അതോടെ എല്ലാം വെള്ളത്തിലായി .' കർഷകനായ താന്നിക്കൽ കുട്ടപ്പന്റെ നൊമ്പരം ബാക്കി കർഷകരുടെ കൂടി വേദനയാണ്.

'കുറച്ചെങ്കിലും നെല്ല് കൊയ്‌തെടുത്ത് കർഷകരെ രക്ഷിക്കാമെന്നു കരുതി കൊയ്ത്ത് യന്ത്രം കൊണ്ടുവന്നു. പക്ഷേ ഇപ്പോഴും മുട്ടൊപ്പം വെള്ളം കെട്ടിക്കിടക്കുന്ന പാടത്ത് യന്ത്രം ഇറക്കാനും പറ്റാതായി. ' എലിക്കുളം കൃഷിഭവനിലെ കൃഷി അസിസ്റ്റൻറ്റ് അലക്‌സും നിസ്സഹായാവസ്ഥ ചൂണ്ടിക്കാട്ടി.

'നെൽ കൃഷിക്ക് സർക്കാർ നൽകുന്ന എല്ലാ വിധ പ്രോത്സാഹനവും കണ്ടപ്പോഴാണ് കൃഷിക്കിറങ്ങാൻ ഞങ്ങൾക്കും ഉത്സാഹം തോന്നിയത്. പക്ഷേ ഇതിപ്പോൾ ഞങ്ങൾക്ക് വളരെയധികം വിഷമമാണുണ്ടാക്കിയത്. പൈസ കടം വാങ്ങിയും മറ്റും കൃഷിയിറക്കുമ്പോൾ ഒരു പാട് പ്രതീക്ഷയുണ്ടായിരുന്നു. അതെല്ലാം ഇതാ ഈ നെൽക്കതിര് പോലെ നാമാവശേഷമായി' ' വെള്ളം കയറിയ പാടത്തെ ചീഞ്ഞ നെൽച്ചെടികൾ ഉയർത്തിക്കാട്ടി താന്നിക്കൽ കുട്ടപ്പൻ പറയുന്നു. പാടശേഖര സമിതി അംഗങ്ങളിൽ മിക്കവരും ഇടത്തരം സാമ്പത്തിക നില മാത്രമുള്ളവരാണ്. ചിലരാകട്ടെ വളരെ പാവപ്പെട്ട കുടംബത്തിൽ നിന്നുള്ള വരും.

പൊന്നൊഴുകും തോടിന്റെ ആഴവും വിസ്തൃതിയും കുറഞ്ഞതും, നീരൊഴുക്കു തടസ്സപ്പെട്ടതുമാണ് ഇക്കാര്യത്തിൽ വില്ലനായത്. കനത്ത മഴയിൽ തോട് പെട്ടെന്ന് കരകവിയാൻ ഇത് ഇടയാക്കിയെന്ന് കർഷകർ ചൂണ്ടിക്കാട്ടുന്നു.

കൃഷി മുഴുവൻ നശിച്ചതിനാൽ കനത്ത സാമ്പത്തിക ബാദ്ധ്യതയിൽ ഉഴലുകയാണ് പലരും. സർക്കാരിൽ നിന്നോ, കൃഷി വകുപ്പിൽ നിന്നോ എന്തെങ്കിലും നഷ്ടപരിഹാരം ഉടനെ കിട്ടിയിരുന്നെങ്കിൽ എന്നാശിക്കുകയാണ് കാപ്പുകയം പാടത്തെ ഈ കർഷക സമൂഹം.

 കഴിഞ്ഞ കാൽനൂറ്റാണ്ടായി ഇരുപ്പൂ കൃഷിയില്ലാതെ തരിശായി കിടന്ന പാടം പാട്ടത്തിനെടുത്ത് പന്ത്രണ്ട് കർഷകർ ചേർന്നാണ് കൃഷിക്കിറങ്ങിയത്. എലിക്കുളം കൃഷിഭവന്റെ എല്ലാ വിധ സഹകരണത്തോടെയുമായിരുന്നൂ ഇത്. കഴിഞ്ഞ ജൂണിൽ ആരംഭിച്ച കൃഷിയിൽ ഉമ വിത്താണ് മിക്കവരും വിതച്ചത്. പക്ഷേ കനത്ത മഴയിൽ പൊന്നൊഴുകും തോട് കരകവിഞ്ഞതോടെ ഇവരുടെ സ്വപ്നങ്ങൾ തകർന്നു

 നാലു മാസത്തോളമായി കൈമെയ് മറന്നുള്ള അദ്ധ്വാനമാണ് പെരുവെള്ളത്തിൽ മുങ്ങിപ്പോയത്.

 'ഒരു പാട് പ്രതീക്ഷകളോടെയാണ് ഞങ്ങൾ തരിശുപാടത്ത് നെൽക്കൃഷിയ്ക്ക് ഇറങ്ങിയത് . പക്ഷേ വെള്ളം കയറി എല്ലാം നശിച്ചു. അഞ്ചു ലക്ഷത്തോളം രൂപയുടെ പ്രാഥമിക നഷ്ടം കണക്കാക്കുന്നു.' -- ജസ്റ്റിൻ ജോർജ്, കാപ്പുകയം പാടശേഖര സമിതി സെക്രട്ടറി