പാലാ: കുമ്മണ്ണൂരിന്റെ സ്വന്തം ' അംബാദാസൻ പാപ്പത്തിരുമേനി ' ശതാഭിഷേകത്തിന്റെ നിറവിൽ. കുമ്മണ്ണൂർ നടയ്ക്കാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ മേൽശാന്തിയും ജ്യോതിഷ പണ്ഡിതനുമായ പുതുശേരി ഇല്ലത്ത് പി.വി. നീലകണ്ഠൻ നമ്പൂതിരി എന്ന അംബാദാസൻ പാപ്പത്തിരുമേനിയുടെ ശതാഭിഷേക ചടങ്ങുകൾ നാളെ കുമ്മണ്ണൂരിലെ വസതിയിൽ നടക്കും. തുലാമാസത്തിലെ ഉത്രട്ടാതി നാളായ ശനിയാഴ്ച പുതുശേരി ഇല്ലത്ത് കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാന്നിദ്ധ്യത്തിൽ പ്രത്യേക പൂജാ ചടങ്ങുകളോടെ എൺപത്തിനാലാം പിറന്നാൾ ആഘോഷിക്കും.
കിടങ്ങൂർ ദേവസ്വത്തിനു കീഴിലുള്ള നടയ്ക്കാംകുന്ന് ദേവീക്ഷേത്രത്തിന്റെ ഇന്നത്തെ നിലയിലുള്ള പുരോഗതിക്ക് മുഖ്യപങ്കു വഹിച്ചവരിൽ പ്രമുഖനാണ് അംബാദാസൻ പാപ്പത്തിരുമേനി. 1950 കൾ മുതൽ കുമ്മണ്ണൂരിന്റെ കലാസാംസ്‌കാരിക രംഗത്ത് സജീവമാണ് . ഏഴു പതിറ്റാണ്ടേിലേറെയായി നടയ്ക്കാംകുന്ന് ക്ഷേത്രത്തിലെ വിദ്യാരംഭ ചടങ്ങുകൾക്കു മുഖ്യ കാർമികത്വം വഹിക്കുന്നു.
ഭാര്യ സരസ്വതിയും മകൻ മനോജ് നമ്പൂതിരിയുമുൾപ്പെടെ കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും നിർബന്ധത്തിനു വഴങ്ങി പിറന്നാളാഘോഷത്തിനൊരുങ്ങുമ്പോഴും എല്ലാം ലളിതമായി മാത്രം മതിയെന്ന് ഓർമിപ്പിക്കുന്നു ഈ ദേവീദാസൻ.