പാല: ഷോട് പുട്ടിൽ ഒന്നാം സ്ഥാനം ഞാനിങ്ങെടുക്കുവാ! തുടർച്ചയായി രണ്ടാം തവണയും ഷോട് പുട്ടിൽ മിന്നിച്ചിരിക്കുകയാണ് മണിമല സെന്റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ എട്ടാം ക്ളാസുകാരി ഷംന ഫാത്തിമ ഷാജി. കഴിഞ്ഞ തവണയും ഷോട് പുട്ടിനും ഡിസ്കസ് ത്രോയ്ക്കും ഷംനയ്ക്കായിരുന്നു ഒന്നാം സ്ഥാനം. ഇന്നാണ് ഡിസ്കസ് ത്രോ മത്സരം. കഴിഞ്ഞ തവണത്തെ പോലെ ഇരട്ട നേട്ടം കൊയ്യാമെന്നാണ് പ്രതീക്ഷ. ഏറത്തുവടകര പുളിമൂട്ടിൽ ഷാജിയുടെയും റസീനയുടെയും മകളാണ്. ഷംനാസ്, ഷാലു എന്നിവരാണ് സഹോദരങ്ങൾ. കായികാദ്ധ്യാപിക സുമ വറുഗീസിന്റെ കീഴിലാണ് പരിശീലനം.