കോട്ടയം: നിയന്ത്രണം വിട്ട ഓട്ടോറിക്ഷയും പിക്കപ്പ് വാനും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്കേറ്റു. ഓട്ടോ ഡ്രൈവർ പാക്കിൽ സ്വദേശി പൗലോസ് (55), പാക്കിൽ പാക്കിൽച്ചിറ വീട്ടിൽ തോമസ് (59) എന്നിവർക്കാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ പത്തു മണിയോടെ കാൽനടയാത്രക്കാരൻ അപകടത്തിൽ മരിച്ചതിനു നൂറു മീറ്റർ മാറി ഒരു മണിക്കൂറിനു ശേഷമായിരുന്നു അപകടം.
കോട്ടയം ഭാഗത്തു നിന്നും വരികയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിൽ നിന്നും എത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് റോഡിൽ അരമണിക്കൂറോളം ഗതാഗതവും തടസപ്പെട്ടു. ഓടിക്കൂടിയ നാട്ടുകാർ ചേർന്നാണ് പരിക്കേറ്റ രണ്ടു പേരെയും ആദ്യം ജനറൽ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചത്. രണ്ടു പേരുടെയും പരിക്ക് സാരമുള്ളതല്ല. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.