കുമളി : സംസ്ഥാന ലൈബ്രറി കൗൺസിലും യുവജന കമ്മീഷനും സംയുക്തമായി സംഘടിപ്പിക്കുന്ന 'നിറവ് ഗോത്ര കലാമേള' 15, 16,17 തീയതികളിൽ കുമളി ഹോളിഡേ ഹോമിൽ നടക്കും.

15ന് ഉച്ചക്ക് 2ന് കുമളി ആദിവാസി കോളനികളിൽ നിന്നും ഗോത്രകലാരൂപങ്ങളുടെ അകമ്പടിയോടെ ആരംഭിക്കുന്ന വിളംബരറാലി കോവിൽമല രാജാവ് രാമൻ രാജമന്നാൻ ഫ്ലാഗ്ഓഫ് ചെയ്യും. തുടർന്ന് കുമളി പഞ്ചായത്ത് പൊതുവേദിയിൽ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.
16ന് രാവിലെ 10 ന് ഹോളിഡേഹോമിൽ കേരള ഫോക് ലോർ അക്കാദമി ചെയർമാൻ സി.ജെ കുട്ടപ്പൻ കലാമേള ഉദ്ഘാടനം ചെയ്യും. യുവജന കമീഷൻ ചെയർപേഴ്‌സൺ ചിന്ത ജെറോം മുഖ്യപ്രഭാഷണം നടത്തും. പകൽ 11.30 ന് ആദിവാസി വികസനം സമീപനങ്ങളും സാധ്യതകളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ ഇ.എസ്. ബിജിമോൾ എംഎൽഎ ഉദ്ഘാടനം ചെയ്യും. മലയാളം സർവകലാശാല സോഷ്യോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ. സുസൺ ഐസക് മുഖ്യപ്രഭാഷണം നടത്തും. പകൽ 2 മുതൽ ഗോത്രകലാരൂപങ്ങളുടെ അവതരണം നടക്കും.

17 ന് രാവിലെ 9 ന് ട്രൈബൽ ലൈബ്രറികളുടെ പ്രവർത്തനവും പരിപാടികളും എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ ഡോ. പി.കെ. ഗോപൻ വിഷയാവതരണം നടത്തും.
2 ന് സംസ്ഥാന ലൈബ്രറി കൗൺസിൽ വൈസ് പ്രസിഡന്റ് ചവറ കെ.എസ്. പിള്ള സമാപനസമ്മേളനം ഉദ്ഘാടനം ചെയ്യും. ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ആർ. തിലകൻ അദ്ധ്യക്ഷനാകും. സംസ്ഥാന ലൈബ്രറി കൗൺസിലിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള ആദിവാസി മേഖലയിലെ 60 ലൈബ്രറികളിൽ നിന്നുള്ള കലാകാരന്മാർ ഗോത്രകലാമേളയിൽ കലാപരിപാടികൾ അവതരിപ്പിക്കും.