road

വൈക്കം: വൈക്കം നിയോജക മണ്ഡലത്തിലെ തലയാഴം, കല്ലറ പഞ്ചായത്തുകളിലൂടെയും കടുത്തുരുത്തി നിയോജക മണ്ഡലവുമായും ബന്ധപ്പെട്ടുകിടക്കുന്ന തോട്ടകം വാക്കേത്തറ എത്തക്കുഴി റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമായി. വൈക്കത്തെ അവികസിതമായ പ്രദേശമായ തലയാഴത്തെ ഉൾപ്രദേശങ്ങളിലെയും നാലു വശവും വെള്ളത്താൽ ചുറ്റപ്പെട്ട കല്ലറമുണ്ടാറിലേയും നിർദ്ധന കുടുംബങ്ങളുടെ ഗതാഗത സൗകര്യം വർദ്ധിപ്പിക്കാനും കാർഷിക മേഖലയുടെ പുരോഗതിയ്ക്കുമായി വിഭാവനം ചെയ്തതാണ് റോഡ്. റോഡ് പൂർണമായി തകർന്നതോടെ ഇതുവഴി കാൽനട പോലും ഏറെ ദുഷ്‌കരമായിരിക്കുകയാണ്.ഈ റോഡിൽ കെ വി കനാലിന് കുറുകെ പണിത പാലത്തിന്റെ സമീപ റോഡ് ഉയർത്താത്തതിനാൽ വാഹനങ്ങൾ പാലം കടക്കുന്നത് ഏറെ പണിപ്പെട്ടാണ്. പാലത്തിലേയ്ക്കുള്ള കുത്തനെയുള്ള കയറ്റം കയറുന്ന വാഹനങ്ങൾ അപകടത്തിൽ പെടുന്നതും പതിവാണ്. ഏതാനും മാസം മുൻപാണ് പാലം കയറുന്നതിനിടെ നിയന്ത്രണം തെറ്റിയ ഓട്ടോറിക്ഷ മറിഞ്ഞ് യാത്രക്കാർക്ക് പരിക്കേറ്റത്. ശക്തമായ മഴയിലും പ്രളയത്തിലും മുങ്ങിയ റോഡിലെ കല്ലുകൾ ഇളകിമാറി ചെളിക്കുണ്ടായതോടെ ഓട്ടോറിക്ഷകൾ പോലും ഇതുവഴി ഓട്ടം പോകാൻ വിമുഖത കാട്ടുന്നു. വാഹനങ്ങൾ എത്താത്തത് മൂലം അടിയന്തിര ഘട്ടങ്ങളിൽ രോഗികളെ ആശുപത്രിയിലെത്തിക്കാൻ പോലുമാകാത്ത സ്ഥിതിയാണ് പ്രദേശവാസികൾക്ക്. വൈക്കത്തുനിന്ന് കോട്ടയം മെഡിക്കൽ കോളേജിലേയ്ക്ക് കിലോമീറ്ററുകൾ യാത്രാ ലാഭമുണ്ടാക്കുന്ന റോഡ് ആധുനിക നിലവാരത്തിൽ നിർമ്മിക്കാൻ കിഫ്ബിയിൽ നിന്നും 20 കോടി രൂപ അനുവദിച്ചതായി പ്രഖ്യാപനം വന്ന് രണ്ടു വർഷത്തോളമായിട്ടും തുടർ നടപടികളുണ്ടായില്ലെന്ന് നാട്ടുകാർ ആരോപിക്കുന്നു. സാധാരണ ജനങ്ങൾ തിങ്ങിപ്പാർക്കുന്ന പ്രദേശത്തെ വികസനത്തിന് ആക്കം കൂട്ടുന്നതിനും കാർഷിക മേഖലയുടെ പുരോഗതിക്കും റോഡ് പുനർനിർമ്മിക്കാൻ സർക്കാർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമാണ്.

റോഡ് പുനർനിർമ്മിക്കാൻ ബന്ധപ്പെട്ട അധികൃതർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് (എം) തലയാഴം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.എൻ.സോമന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം യൂത്ത്ഫ്രണ്ട് (എം) സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു പറപ്പള്ളി ഉദ്ഘാടനം ചെയ്തു.