t

എരുമേലി : ശബരിമല തീർത്ഥാടന കാലം ആരംഭിക്കാൻ ഒമ്പത് ദിവസങ്ങൾ കൂടി ശേഷിക്കെ അയ്യപ്പഭക്തരുടെ കുളിക്കടവിൽ അടിഞ്ഞ മണൽക്കൂന നീക്കുന്നത് പ്രശ്‌നമായി. വലിയമ്പലത്തിന് മുന്നിൽ വലിയതോട്ടിലാണ് കുളിക്കടവ്. ഇവിടെയാണ് പേട്ടതുള്ളലിന് ശേഷം ഭക്തർ ആചാരത്തിന്റെ ഭാഗമായുള്ള സ്‌നാനം നടത്തുന്നത്. എന്നാൽ വെള്ളപ്പൊക്കത്തിലൊഴുകിയെത്തി അടിഞ്ഞ മണൽക്കൂന മൂലം തോട്ടിൽ മുട്ടറ്റമാണ് ജലനിരപ്പ്. ചെക്ക് ഡാം തുറന്ന് വെള്ളം ഒഴുക്കിവിടുന്നതിനൊപ്പം മണൽക്കൂന നീക്കി തോടിന്റെ ആഴം വർദ്ധിപ്പിച്ചാലാണ് ഭക്തർക്ക് സ്‌നാനത്തിനാവശ്യമായ വെള്ളം സംഭരിക്കാനാവുക. മണൽ വാരൽ നിരോധിച്ചിട്ടുള്ളതിനാൽ ഇതിനുള്ള പ്രവൃത്തിക്ക് നിയമപ്രകാരം ഫണ്ട് ചെലവിടാൻ തടസമുണ്ടെന്ന് പഞ്ചായത്ത് പറയുന്നു. ഇത് തന്നെയാണ് ദേവസ്വം ബോർഡിനെയും കുഴയ്ക്കുന്നത്. മണൽ വാരി മറ്റൊരു സ്ഥലത്തേക്ക് നീക്കിയിടുകയാണ് പോംവഴി. പക്ഷെ, പ്രത്യേക അനുമതി ഇക്കാര്യത്തിൽ വേണ്ടിവരുമെന്നാണ് കരുതുന്നത്. മുൻകാലങ്ങളിൽ തീർത്ഥാടന കാലത്തിന് മുമ്പും ശേഷവും തോട് ശുചീകരണം പഞ്ചായത്ത് ആണ് ശബരിമല ഫണ്ടിൽ ചെയ്തിരുന്നത്. എന്നാൽ ഇത്തവണ ഇത് നടത്താനായിട്ടില്ല. പഞ്ചായത്തിന്റെ അധീനതയിലുള്ള തോട്ടിൽ ശുചീകരണ ജോലികൾ നടത്താൻ ദേവസ്വം ബോർഡിന് സാദ്ധ്യമല്ല. എങ്കിലും ഓരോ സീസണിലും കുളിക്കടവിന്റെ മാത്രം ശുചീകരണം ബോർഡ് നടത്താറുണ്ട്. പക്ഷെ, മണൽക്കൂന നീക്കാതെ ശുചീകരണം നടത്താനാകില്ല. കഴിഞ്ഞ ശബരിമല യോഗത്തിൽ വിഷയം ഉന്നയിക്കപ്പെട്ടെങ്കിലും തീരുമാനമായിരുന്നില്ല.