എരുമേലി : ശബരിമല തീർത്ഥാടനം മുൻനിർത്തി എരുമേലിയിൽ ആരോഗ്യവകുപ്പിന്റെ മുന്നൊരുക്കങ്ങൾ വകുപ്പ് ഡയറക്ടർ ഡോ. ആർ.എൽ. സരിത വിലയിരുത്തി. ഇന്നലെ എരുമേലി സർക്കാർ ആശുപത്രിയിൽ വകുപ്പ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച് ചേർത്താണ് മുന്നൊരുക്കങ്ങൾ അവലോകനം ചെയ്തത്. എരുമേലിയിൽ എത്തിച്ചേരുന്ന അയ്യപ്പഭക്തർക്ക് സേവനം ഒരുക്കാൻ വേണ്ട എല്ലാ നടപടിക്രമങ്ങളും ഒരുക്കങ്ങളും പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു
കാനനപാതയിൽ മുൻ വർഷങ്ങളിലേപ്പോലെ ഓക്‌സിജൻ പാർലറുകളും, അടിയന്തിര ചികിത്സക്ക് ആബുലൻസ് സേവനവും ലഭ്യമാക്കും. ശബരിമല സീസണിന് ശേഷമുള്ള ക്ലോറിനേഷൻ, ശുചീകരണ പ്രവൃത്തികൾക്ക് ആശാ വർക്കർമാർ, അംഗനവാടി ജീവനക്കാർ തുടങ്ങിയവരെ ഉൾപ്പെടുത്തും. ആർദ്രം പദ്ധതി നടപ്പിലാക്കാനും ആലോചനയുണ്ട്. യോഗത്തിൽ ആരോഗ്യ വകുപ്പ് മന്ത്രിയുടെ പി.എ. വിനോദ് കുമാർ, ഡിഎംഒ ജേക്കബ് വർഗ്ഗീസ്, ഡോ. അനിൽകുമാർ, ശബരിമല നോഡൽ ഓഫീസർ ഡോ. നളിനാക്ഷൻ, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. രാജൻ, ഡി.പി.എം ഡോ. വ്യാസ്, ടെക്‌നിക്കൽ അസിസ്റ്റന്റ് ശശികുമാർ, മാസ് മീഡിയ ഓഫീസർ ഡോ. ഡോമി, ജില്ലാ മലേറിയ ഓഫീസർ അനികുമാർ തുടങ്ങിയവർ പങ്കെടുത്തു.