കോട്ടയം: നഗരപരിധിയിലെ വീടുകൾ കയറിയിറങ്ങി പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിക്കുന്ന ഹരിതകർമസേനയ്ക്ക് കൃത്യമായി വേതനം ലഭിക്കുന്നില്ലെന്ന് പരാതി. കോട്ടയം നഗരത്തെ മാലിന്യമുക്തമാക്കുക എന്നലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സ്വപ്നനഗരം കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിലാണ് ഹരിതകർമ്മസേനയെ വഞ്ചിക്കുന്നുവെന്ന് നഗരസഭയ്ക്കെതിരെ ആരോപണം ഉയർന്നത്. ഈ കാര്യത്തിൽ അടിയന്തിര നടപടി ഉണ്ടാകണമെന്നും മുനിസിപ്പൽ ആക്ട് അനുസരിച്ച് മാലിന്യസംസ്കരണം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നഗരസഭ കൃത്യമായി ചുമതല നിർവഹിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ശുചിത്വമുള്ള ചുറ്റുപാടിൽ ജീവിക്കാനും, ശുദ്ധജലം, ശുദ്ധവായു, ശുദ്ധമായ ഭക്ഷണം എന്നിവ ലഭിക്കാനും പൗരന്മാർക്കുള്ള അവകാശം നിഷേധിച്ചാൽ കോടതിയെ സമീപിക്കാനും ഇത്തരം കാര്യങ്ങളിൽ 52 വാർഡുകളിലും ജനങ്ങളിൽ ബോധവത്കരണം നടത്താനും യോഗം തീരുമാനിച്ചു.

പുളിനാക്കൽ സെന്റ് ജോൺസ് ബാപ്റ്റിസ്റ്റ് പള്ളി പാരീഷ് ഹാളിൽ ചേർന്ന കോ-ഓർഡിനേഷൻ കമ്മിറ്റി യോഗത്തിൽ അഡ്വ. സന്തോഷ് കണ്ടംചിറ അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജെ.വി. ഫിലിപ്പ്കുട്ടി, അനിൽ മൂലേടം, മോഹന കുറുപ്പ്, ഉതുപ്പ് കുര്യൻ, യേശുദാസ് എന്നിവർ വിവിധ വിഷയങ്ങൾ അവതരിപ്പിച്ച് സംസാരിച്ചു. അന്നമ്മ സേവ്യർ സ്വാഗതവും പ്രൊഫ.ഡി.ഡി. അപ്പുക്കുട്ടൻ നന്ദിയും പറഞ്ഞു.

'സ്വപ്നനഗരം - കോട്ടയം 52' കർമ്മപദ്ധതി ഭാരവാഹികളായി ഡോ.ജേക്കബ് ജോർജ് (രക്ഷാധികാരി) അഡ്വ. സന്തോഷ് കണ്ടംചിറ (പ്രസിഡന്റ്), അനിൽ മൂലേടം (വൈസ് പ്രസിഡന്റ്), ജെ.വി. ഫിലിപ്പ്കുട്ടി ( ജനറൽ സെക്രട്ടറി), പ്രൊഫ.ഡി.ഡി. അപ്പുക്കുട്ടൻ ( ജോ. സെക്രട്ടറി), മോഹന കുറുപ്പ് (ട്രഷറർ), ശരണ്യ മഹേഷ്, അന്നമ്മ സേവ്യർ, രമണൻ എൺപറ, ഉതുപ്പ് കുര്യൻ, കെ.എസ്. സോമൻ (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.