തലയോലപ്പറമ്പ്: വെള്ളൂർ സർവീസ് സഹകരണ ബാങ്കിലേക്ക് 10 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് നിന്നുള്ള രണ്ടായിരത്തിൽപ്പരം അംഗങ്ങളുടെവോട്ടുകൾ പ്രത്യേകം ബൂത്ത് തയ്യാറാക്കി പ്രത്യേകബോക്‌സിലാക്കി സൂക്ഷിക്കുവാൻ ഹൈക്കോടതിഉത്തരവിട്ടു. വെള്ളൂർ പഞ്ചായത്തിന് പുറത്ത് നിന്നുമുള്ള അംഗങ്ങളെവോട്ടർ പട്ടികയിൽ നിന്ന് നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് നേതാക്കൾ നൽകിയ ഹർജ്ജിയിലാണ് ഉത്തരവ്. പ്രത്യേകം പെട്ടിയിലാക്കുന്ന വോട്ടുകൾ ഉൾപ്പെടെ മുഴുവൻ എണ്ണി തിട്ടപ്പെടുത്തി കണക്കുകൾ സീൽഡ് കവറിൽ ഹൈക്കോടതി മുൻപാകെ സമർപ്പിക്കണമെന്നും ബാങ്കിന്റെ പ്രവർത്തന പരിധിക്ക് പുറത്ത് നിന്നുള്ള അംഗങ്ങളുടെ അർഹത സംബന്ധിച്ച് നാലാഴ്ചക്കുള്ളിൽ വിശദമായി പരിശോധന നടത്തണമെന്നും കോട്ടയം ജോയിന്റ് രജിസ്റ്റാർക്ക് ഹൈക്കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കോടതിയുടെ തീർപ്പിന്‌ശേഷം മാത്രമേ തെരഞ്ഞെടുപ്പ് ഫലം പ്രസിദ്ധീകരിക്കാവുവെന്നും ഉത്തരവിൽ പറയുന്നു. ഹർജിക്കാർക്കുവേണ്ടി അഡ്വ.കാവേരി, അഡ്വ.സിറാജ് എന്നിവർ ഹാജരായി.