kanam

വൈക്കം : ഇന്ത്യയുടെ മുഖമുദ്രയായ നാനത്വത്തിലെ ഏകത്വത്തെ തകർക്കാനുള്ള ഫാസിസ്റ്റ് നീക്കങ്ങളാണ് രാജ്യത്ത് അരങ്ങേറുന്നതെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ നൂറാം വാർഷികാഘോഷവും പാർട്ടി മെമ്പർമാരുടെ പ്രവർത്തനഫണ്ട് ഏറ്റുവാങ്ങലും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോർപ്പറേറ്റ് താൽപ്പര്യങ്ങളാണ് കേന്ദ്ര സർക്കാർ നടപ്പിലാക്കാൻ ശ്രമിക്കുന്നത്. വിചാരണകൂടാതെ ആളുകളെ തടവിൽ വയ്ക്കാനുള്ള യു.എ.പി.എ പോലുള്ള കരിനിയമങ്ങൾക്കെതിരാണ് ഇടതുപക്ഷം. മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റു ചെയ്ത വിദ്യാർഥികളുടെ മേൽ യു.എ.പി.എ ചുമത്താനുള്ള നീക്കം ആശങ്കയുണർത്തുന്നതാണ്. ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ഇത്തരം കരിനിയമങ്ങൾ സ്വീകരിക്കണമോയെന്ന കാര്യം മുന്നണിയും സർക്കാരും ഗൗരവമായി ആലോചിക്കണം. ഇത് മുന്നണിയുടെ അനൈക്യത്തിന്റെ പ്രശ്‌നമല്ല, ജനാധിപത്യ സംരക്ഷണത്തിന്റെ പ്രശ്‌നമാണെന്നും കാനം പറഞ്ഞു. ഇണ്ടംതുരുത്തി മനയിൽ നടന്ന സമ്മേളനത്തിൽ കെ.അജിത്ത് അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സി.കെ ശശിധരൻ, അസി. സെക്രട്ടറി ആർ.സുശീലൻ, ജില്ലാ എക്‌സി. അംഗങ്ങളായ ടി.എൻ രമേശൻ, ലീനമ്മ ഉദയകുമാർ, പി.സുഗതൻ, ജോൺ വി ജോസഫ്, മണ്ഡലം സെക്രട്ടറി എം.ഡി ബാബുരാജ് എന്നിവർ പ്രസംഗിച്ചു.