വൈക്കം: വെള്ളൂർ ഗ്രാമപഞ്ചായത്തിന് പുതിയ കുടിവെള്ള പദ്ധതി അനുവദിക്കുമെന്ന് ജലസേചന വകുപ്പ് മന്ത്രി അറിയിച്ചു. സി.കെ ആശ എം.എൽ.എ നിയമസഭയിൽ ഉന്നയിച്ച സബ് മിഷനു മറുപടിയായാണ് മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ എച്ച്.എൻ.എൽ ആണ് വെള്ളൂർ പഞ്ചായത്തിന്റെ ഏറിയ പ്രദേശങ്ങളിലും കുടിവെള്ളം എത്തിച്ചിരുന്നത്. എന്നാൽ കമ്പനി പൂട്ടിയതോടെ കുടിവെള്ള പ്ലാന്റും ജലവിതരണവും നിലച്ചു. ഇതോടെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് കുടിവെള്ള ക്ഷാമമായി. ഈ സാഹചര്യത്തിലാണ് എം.എൽ.എ നിയമസഭയിൽ സബ് മിഷൻ ഉന്നയിച്ചത്. എച്ച്.എൻ.എൽ നടത്തിയിരുന്ന ജല വിതരണം അവതാളത്തിലായതോടെയാണ് വെള്ളൂർ ഗ്രാമപഞ്ചായത്തിലെ കുടിവെള്ള ദൗർലഭ്യം നേരിടുന്നതിനു പുതിയ പദ്ധതി നടപ്പാക്കാനുള്ള നടപടികളുമായി സർക്കാർ മുന്നോട്ടുവരുന്നത്. മേവെള്ളൂർ, മടത്തേടം, ചെമ്മഞ്ചി, ചന്ദ്രാമല, മൂഴിക്കോട്, ഇറുമ്പയം, പുത്തൻചന്ത, കോളകം, വെള്ളൂർ, കയ്യൂരിക്കൽ തുടങ്ങി എല്ലാ മേഖലയ്ക്കും ഗുണകരമാകുന്ന പദ്ധതിയാകും നടപ്പാക്കുക. ഇതിനകം തന്നെ പദ്ധതിയ്ക്ക് മുൻകൂർ രൂപരേഖ തയ്യാറാക്കുവാനുള്ള നിർദ്ദേശം വകുപ്പുതല ഉദ്യോഗസ്ഥർക്ക് നൽകിയതായി സി.കെ ആശ എം.എൽ.എ അറിയിച്ചു.