വൈക്കം : അഷ്ടമി കൊടിയേറ്റിന് മുന്നോടിയായുള്ള സംയുക്ത എൻ.എസ്.എസ് കരയോഗത്തിന്റെ കുലവാഴ പുറപ്പാടും താലപ്പൊലിയും ഇന്ന് നടക്കും. കിഴക്കേനട ചീരംകുന്നുംപുറം പാർഥസാരഥി ക്ഷേത്രത്തിൽ നിന്നുമാണ് ഇത്തവണ കുലവാഴ പുറപ്പാട്. വൈകിട്ട് 4ന് കുലവാഴ പുറപ്പാട് ഇവിടെ നിന്നും ആരംഭിക്കും. കിഴക്കുംചേരി നടുവിലെമുറി എൻ.എസ്.എസ് കരയോഗം ആതിഥേയത്വം വഹിക്കും. കിഴക്കുംചേരി വടക്കേമുറി, കിഴക്കുംചേരി തെക്കേമുറി, പടിഞ്ഞാറ്റുംചേരി വടക്കേമുറി, പടിഞ്ഞാറ്റുംചേരി വടക്കേമുറി എന്നീ കരയോഗങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ആണ് പരമ്പരാഗത ചടങ്ങായ കുലവാഴ പുറപ്പാട് നടത്തുന്നത്.
ക്ഷേത്രത്തിന്റെ ഗോപുരങ്ങളും കൊടിമരച്ചുവട്ടിലും ബലിക്കൽപുര, ചുറ്റമ്പലം എന്നിവിടങ്ങളിലായി അലങ്കരിക്കാൻ കരിക്കിൻകുല വാഴക്കുലകൾ തുടങ്ങിയവ അലങ്കരിച്ച വാഹനത്തിൽ ഘോഷയാത്രയായി ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കുന്ന ചടങ്ങാണ് കുലവാഴ പുറപ്പാട്. വിവിധ കരയോഗങ്ങളിൽ നിന്ന് വ്രതശുദ്ധിയോടെയെത്തുന്ന 1500 വനിതകൾ താലം എടുക്കും. വിവിധ വാദ്യമേളങ്ങളും ഗജരാജൻ പാമ്പാടി രാജനും കീഴൂർ മധുസൂദന കുറുപ്പ്, വൈക്കം ജയകുമാർ എന്നിവർ നേതൃത്വം നൽകുന്ന പഞ്ചവാദ്യം, തേരോഴി രാമക്കുറുപ്പിന്റെ നേതൃത്വത്തിലുള്ള ചെണ്ടമേളം, വൈക്കം ഷാജിയുടെ നേതൃത്വത്തിൽ നാഗസ്വരം, ശ്രീജിത്ത്, അഭിജിത്ത് എന്നിവരുടെ മയൂരനൃത്തം എന്നിവയും അകമ്പടിയാകും. ക്ഷേത്രത്തിന് പുറത്ത് കിഴക്കേനട, തെക്കേനട, പടിഞ്ഞാറേ നട വഴി നീങ്ങുന്ന കുലവാഴ പുറപ്പാട് വടക്കേ ഗോപുരം വഴി ക്ഷേത്രത്തിനകത്ത് പ്രവേശിക്കും. ദീപാരാധനയ്ക്ക് ശേഷം പ്രദക്ഷിണം വച്ച് അലങ്കാര സാധനങ്ങൾ ക്ഷേത്രനടയിൽ സമർപ്പിക്കും. തുടർന്ന് കുലവാഴ, കരിക്കിൻകുല എന്നിവയാൽ ക്ഷേത്രം അലങ്കരിക്കും. അഷ്ടമിയുടെ ഒന്നും രണ്ടും ഉത്സവദിവസങ്ങളിലെ അഹസ്സ് സംയുക്ത എൻ.എസ്.എസ് കരയോഗത്തിന്റെ വഴിപാടായാണ് നടത്തിവരുന്നത്.