തലയോലപ്പറമ്പ്: മോഷണം പതിവാക്കിയ കുട്ടി മോഷ്ടാക്കൾ അടുത്ത മോഷണത്തിന് പദ്ധതി ഇടുന്നതിനിടെ പൊലീസ് പെട്രോളിംഗിൽ പിടിയിലായി. വെള്ളൂർ കരിപ്പാടത്തെ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന ജാതിക്കാക്കുരു മോഷ്ടിച്ചതിന് ചെമ്പ് ബ്രഹ്മമംഗലം സ്വദേശിയായ 16 കാരനാണ് ആദ്യം പൊലീസിന്റെ പിടിയിലായത്. കൗമാരക്കാരനിൽ നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പെട്രോളിംഗ് നടത്തുന്നതിനിടെയാണ് മറ്റ് രണ്ട് പേർ കൂടി പിടിയിലായത്. ബ്രഹ്മമംഗലം പുതുവേലിൽ ആഷിക് (21), ഏനാദി ലക്ഷം വീട് കോളനിയിൽ അനന്തു (22) എന്നിവരെ ഇന്നലെ ഉച്ചയോടെ തലയോലപ്പറമ്പ് ഡി.ബി കോളേജിന് സമീപം കല്ലിങ്കൽ റെയിൽവേ പാലത്തിന് സമീപത്തു നിന്നുമാണ് പിടികൂടിയത്.വെട്ടിക്കാട്ട് മുക്കിൽ മോഷണം നടത്തുന്നതിനായി പദ്ധതി ഇടുന്നതിനിടെ പൊലീസ് സംഘത്തെ കണ്ട് ഇവർ ഓടുകയായിരുന്നു.എസ് ഐ രാജു, എ എസ് ഐ വിനോദ് പൊലീസുകാരായ ഷിഹാബ്, കെ.എം അനസ്സ് എന്നിവർ ചേർന്ന് ഏറെ പണിപ്പെട്ടാണ് ഇരുവരെയും പിടികൂടിയത്. ഇവർ രണ്ടു പേരും തലയോലപ്പറമ്പ് പള്ളിക്കലയ്ക്ക് സമീപത്തു നിന്നും വിളക്ക് മോഷ്ടിച്ച കേസിലും ബ്രഹ്മമംഗലത്ത് വീട്ടുമുറ്റത്ത് ഉണക്കാനിട്ട റബർ ഷീറ്റ് മോഷണ കേസിലടക്കം പ്രതികളാണെന്ന് പൊലീസ് പറഞ്ഞു. വെള്ളൂർ കരിപ്പാടത്തെ വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരുന്ന ജാതിക്ക വീട്ടുമുറ്റത്തു നിന്നെടുത്ത ശേഷം ചാക്കിലാക്കി ഇവർ ചെമ്പ് ഏനാദിഭാഗത്തേക്ക് നടന്നു പോകുന്ന ദൃശ്യം സമീപ വീട്ടിലെ ക്യാമറയിൽ പതിഞ്ഞിരുന്നു. ഈ ദൃശ്യങ്ങൾ പരിശോധിച്ചതിനെ തുടർന്നാണ് പൊലീസ് പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കിയത്.ഇരുവരെയും കോടതിയിൽ ഹാജരാക്കി.