കോട്ടയം: നഗരസഭയുടെ ഉടമസ്ഥതയിലുള്ള അറവുശാല അടച്ചിട്ട് എട്ടുമാസം കഴിഞ്ഞിട്ടും പുതിയത് പ്രവർത്തിപ്പിക്കാനുള്ള നടപടികളായില്ല. ഇതോടെ ക്രിസ്‌മസ് കാലത്തും നഗരവാസികൾ കൃത്യമായി പരിശോധന നടത്താത്ത ഇറച്ചി തന്നെ കഴിക്കേണ്ടി വരുമെന്ന് ഉറപ്പായി. മലിനീകരണ നിയന്ത്രണ ബോർ‌ഡിന്റെയും, ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെയും അനുമതി ഇല്ലാത്തതിനെ തുടർന്നാണ് കഴിഞ്ഞ ഏപ്രിലിൽ നഗരസഭ സ്‌ളോട്ടർ ഹൗസ് അടച്ചു പൂട്ടിയത്. എം.ജി റോഡിലെ ആധുനിക സ്‌ളോട്ടർ ഹൗസ് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചായിരുന്നു പഴയത് അടച്ചു പൂട്ടിയത്. എന്നാൽ, പഴയ സ്‌ളോട്ടർ ഹൗസ് അടച്ചു പൂട്ടി ഒൻപത് മാസം കഴിഞ്ഞിട്ടും ഇതുവരെയും നഗരസഭ ആധുനിക സ്‌ളോട്ടർ ഹൗസിന്റെ നിർമ്മാണം ആരംഭിച്ചിട്ടില്ല.

സീസണല്ലാത്ത സമയങ്ങളിൽ ആഴ്‌ചയിൽ അയ്യായിരം കിലോയുടെയെങ്കിലും മാംസവ്യാപാരമാണ് കോട്ടയം നഗരസഭ പരിധിയിൽ മാത്രം നടക്കുന്നത്. ഈ വ്യാപാരം നടത്തുന്നതിനായി നഗരസഭ ലൈസൻസ് ലേലം ചെയ്‌ത് നൽകുകയായിരുന്നു ചെയ്‌തിരുന്നത്. എന്നാൽ, യാതൊരു വൃത്തിയുമില്ലാതെ, മാലിന്യ സംസ്‌കരണ മാർഗങ്ങളില്ലാതെയാണ് അറവുശാല നഗരസമധ്യത്തിൽ പ്രവർത്തിച്ചിരുന്നത്. ഇതു സംബന്ധിച്ചുള്ള പരാതി ലഭിച്ചതോടെയാണ് നഗരസഭയ്‌ക്ക് ഇറച്ചിക്കട അടച്ചു പൂട്ടുകയല്ലാതെ മറ്റു മാർഗങ്ങളില്ലാതായത്.

2007 മുതൽ മലിനീകരണ നിയന്ത്രണ ബോ‌ർഡിന്റെ അനുമതിയില്ലാതെയാണ് നഗരസഭയുടെ അറവുശാല പ്രവർത്തിച്ചിരുന്നത്. അധുനിക അറവുശാല നിർമ്മിക്കുന്നതായി കേന്ദ്ര സ‌ർക്കാർ അനുവദിച്ചിരുന്ന ഒരു കോടിയിലധികം രൂപ കൃത്യമായി പദ്ധതി തയ്യാറാക്കി ചിലവഴിക്കാതിരുന്നതിനാൽ നഗരസഭയ്‌ക്ക് നഷ‌്ടമാകുകയും ചെയ്‌തിരുന്നു. ഇതിനു ശേഷമാണ് എം.ജി റോഡരികിൽ ആധുനിക അറവുശാല കെട്ടിടം നിർമ്മിച്ചത്. രണ്ടു മാസം മുൻപ് മീറ്റ് ഇൻഡസ്‌ട്രീവ് വെൽഫെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് എം.എ സലിം ഇറച്ചിക്കട പുനരാരംഭിക്കുന്നതു സംബന്ധിച്ചു നഗരസഭയ്‌ക്ക് കത്തു നൽകിയിരുന്നു. എന്നാൽ, എറണാകുളത്തു നിന്നും ബംഗളൂരുവിൽ നിന്നും വിദഗ്ധ സംഘം എത്തി പരിശോധന നടത്തി, ആധുനിക ഉപകരണങ്ങൾ സ്ഥാപിച്ച ശേഷം സ്‌ളോട്ടർ ഹൗസ് തുറക്കാമെന്നായിരുന്നു നഗരസഭയുടെ വാഗ്‌ദാനം. എന്നാൽ, ഇതുവകരെയും ഇതിന് നഗരസഭയ്‌ക്ക് സാധിച്ചിട്ടില്ല.
നലവിൽ നഗരത്തിൽ എത്തുന്ന ബീഫ് അടക്കമുള്ള ഇറച്ചികൾ കൃത്യമായ പരിശോധന നടത്താതെ നഗരത്തിനുപുറത്തു നിന്നും എത്തിക്കുന്നതാണ്. ഇത് വെറ്റിനറി ഡോക്‌ടർ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തുന്നതും അല്ല.

പുറത്തു വരുന്നത്

കടുത്ത അലംഭാവം

ഒൻപത് മാസമായിട്ടും ഇറച്ചി മാർക്കറ്റ് പ്രവർത്തിപ്പിക്കാത്തത് നഗരസഭയുടെ കടുത്ത അലംഭാവമാണ്. ഇത് സാധാരണക്കാരോടുള്ള വെല്ലുവിളിയാണ്. മികച്ച ഭക്ഷണം കഴിക്കാനുള്ള അവകാശത്തെയാണ് ഇത് ഇല്ലാതാക്കുന്നത്.

എം.എ സലിം

സംസ്ഥാന പ്രസിഡന്റ്

മീറ്റ് ഇൻഡസ്‌ട്രീസ് വെൽഫെയ‌ർ അസോസിയേഷൻ