വൈക്കം: ആചാര പെരുമയിൽ വൈക്കം മഹാദേവ ക്ഷേത്രത്തിലെ കൊടിയേറ്ററിയിപ്പു നടന്നു. പ്രഭാത പൂജയ്ക്ക് ശേഷം അവകാശിയായ കിഴക്കിനേടത്ത് ശങ്കരൻ മൂസത് വൈക്കത്തപ്പനെ തൊഴുത് ഓലക്കുട ചൂടി ചമയങ്ങളില്ലാത്ത ആനപ്പുറത്തു കയറി ക്ഷേത്രത്തിന് ഒരു പ്രദക്ഷിണം പൂർത്തിയാക്കി കൊടിയേറ്ററിയിപ്പിനായി പുറപ്പെട്ടു. കൊടിയേറ്ററിയിപ്പിന് ഇത്തവണ ഗജരാജൻ പാമ്പാടി രാജനാണെന്ന സവിശേഷതയുമുണ്ട്. ആദ്യം അയ്യർ കുളങ്ങര കുന്തി ദേവി ക്ഷേത്രത്തിലും തുടർന്ന് ഇണ്ടംതുരുത്തി ദേവി ക്ഷേത്രം, ഉദയനാപുരം ക്ഷേത്രം എന്നിവിടങ്ങളിലും എത്തി മുഹൂർത്ത ചാർത്ത് വായിച്ച് കൊടിയേറ്ററിയിച്ചു. വൈക്കം ക്ഷേത്രത്തിലെ കൊടിയേറ്റ് ഉദയനാപുരം ക്ഷേത്രത്തിലും ഉദയനാപുരം ക്ഷേത്രത്തിലെ കൊടിയേറ്റ് വൈക്കത്തും അറിയിക്കണമെന്നാണ് ആചാരം. പെരുമ്പളളിയാഴത്ത് മനയെ പ്രതിനിധികരിച്ചാണ് അയ്യർ കുളങ്ങര കുന്തി ദേവി ക്ഷേത്രത്തിൽ കൊടിയേറ്ററിയിക്കുന്നത്. അതാത് അവസരങ്ങളിലെ ഊരാഴ്ചക്കാർ ഉത്സവ വിവരം ക്ഷേത്ര ഉടമസ്ഥരായ മറ്റു ഊരാഴ്ചക്കാരെ അറിയിക്കുക എന്ന ആചാരപ്രകാരമാണ് കൊടിയേറ്ററിയിപ്പ് നടന്നു വരുന്നത്.