വൈക്കം: പ്രസിദ്ധമായ വൈക്കത്തഷ്ടമി മഹോത്സവത്തിന് ഇന്ന് കൊടിയേറും. തന്ത്രി ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിൽ രാവിലെ 7.45 നും 8.45നും ഇടയ്ക്കുള്ള മൂഹൂർത്തത്തിലാണ് കൊടിയേറ്റ്. കൊടിമരച്ചുവട്ടിലെ കെടാവിളക്കിൽ ദേവസ്വം കമ്മിഷണർ എം.ഹർഷൻ ദീപം പകരും.
കലാമണ്ഡപത്തിൽ സിനിമ താരങ്ങളായ നെടുമുടി വേണുവും ഹരിശ്രീ അശോകനും ചേർന്ന് ദീപം തെളിക്കും.
ഇനിയുള്ള പന്ത്രണ്ട് ദിനരാത്രങ്ങൾ ക്ഷേത്രനഗരിക്ക് ഉത്സവ ലഹരിയുടേതാണ്.
വൈക്കത്ത് എഴുന്നള്ളിപ്പുകൾക്ക് പ്രാധാന്യം ഉള്ളതിനാൽ തല പൊക്കത്തിൽ മുൻപരായ ഗജവീരന്മാരാകും ഉത്സവത്തിൽ അണിനിരക്കുക. ദക്ഷിണേന്ത്യയിലെ പേരെടുത്ത കനാകാരന്മാർ ശ്രീമഹാദേവന് മുന്നിൽ മേളപ്പെരുക്കം തീർക്കും. കലാമണ്ഡപത്തിൽ സംഗീത, നൃത്ത പരിപാടികൾ ഇടവേളകളില്ലാതെ അരങ്ങേറും.
ഒന്നാം ദിവസത്തെ കൊടിപ്പുറത്തു വിളക്ക്, 5, 6, 7, 8 ദിനത്തിൽ നടക്കുന്ന ഉത്സവബലി, ഏഴാം നാളിലെ ഋഷഭ വാഹനം എഴുന്നള്ളിപ്പ്, വടക്കും ചേരിമേൽ, തെക്കുംചേരിമേൽ എഴുന്നള്ളിപ്പുകൾ, ഗജപൂജ, ആനയൂട്ട്, കാഴ്ച ശ്രീബലികൾ, പത്താം ദിനത്തിലെ വലിയ ശ്രീബലി, അഷ്ടമി ദർശനം, പ്രാതൽ, അഷ്ടമിവിളക്ക്, ഉദയനാപുരത്തപ്പന്റെ വരവ്, വലിയ കാണിക്ക, വിട പറയൽ എന്നിവ പ്രധാനമാണ്.