ചങ്ങനാശേരി : ഒന്നും രണ്ടുമല്ല 15 വർഷമായിട്ടുള്ള കോലമാ. ഇന്ന് ശരിയാക്കും നാളെ ശരിയാക്കുമെന്ന് പറഞ്ഞ് നാട്ടുകാരെ പറ്റിച്ചു. ഇനിയെങ്കിലും ഇവർക്ക് വഴിനടക്കാനുള്ള സൗകര്യം ഒരുക്കികൊടുക്കാൻ അധികൃതർ തയ്യാറാകണം. അത്രയ്ക്ക് ദുരിതമാണ് തുരുത്തി ബി.എസ്.എൻ.എൽ - ചെട്ടിശ്ശേരി റോഡ് ഇവർക്ക് സമ്മാനിക്കുന്നത്. പൊട്ടിത്തകർന്നു കിടക്കുന്ന റോഡിൽ ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ടെൻഡർ പൂർത്തിയാകാത്തതാണ് റോഡ് നിർമ്മാണം വൈകാൻ കാരണമെന്ന് പറയുന്നത്.

ഈ ഭാഗത്തേക്ക് ഓട്ടോ പോലും വരാതായതോടെ യാത്രാദുരിതം പൂ‍ർണമായി. ചങ്ങനാശേരി, ചിങ്ങവനം, കോട്ടയം തുടങ്ങിയ വിവിധ പ്രദേശത്തെ സ്‌കൂൾ വാഹനങ്ങൾ ഇപ്പോൾ എം.സി റോഡ് വരെയാണ് എത്തുന്നത്. കൊച്ചുകുട്ടികളെയും കൊണ്ട് രക്ഷകർത്താക്കൾ രണ്ടു കിലോമീറ്റർ ദൂരം നടന്നാാണ് സ്‌കൂൾ വാഹനത്തിൽ കുട്ടികളെ കയറ്റി വിടുന്നത്. റോഡിനോടുള്ള അവഗണന തുടരുകയാണെങ്കിൽ പ്രതിഷേധം ശക്തമാക്കാനാണ് ബി.ഡി.ജെ.എസ് തീരുമാനം. തുരുത്തിയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ബി.ഡി.ജെ.എസ് പഞ്ചായത്ത് പ്രസിഡന്റ് ബിജു മങ്ങാട്ടു മഠം അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം ബിനു പുത്തേട്ട്, തങ്കച്ചൻ തുരുത്തി, ഗോപീദാസ് , ജിനു പൊക്കത്തിൽ, ഷൈജു മുളക്കാം തുരുത്തി എന്നിവർ പങ്കെടുത്തു.