ചക്കുപള്ളം : കുമളി ചക്കുപള്ളം ശ്രീനാരായണ ധർമ്മാശ്രമത്തിൽ നിന്നുള്ള കിഴക്കൻമേഖല ശിവഗിരി തീർത്ഥാടന പദയാത്രയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി. ശ്രീനാരായണഗുരുദേവൻ പീരുമേട് സന്ദർശിച്ചതിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിന്റെ വിളംബരം കൂടിയാണ് ഇത്തവണത്തെ തീർത്ഥാടനമെന്ന് ആശ്രമം കാര്യദർശി സ്വാമി ഗുരുപ്രകാശം അറിയിച്ചു. ഡിസംബർ 21 ന് വൈകിട്ട് 4ന് കട്ടപ്പന ഗുരുദേവ കീർത്തിസ്തംഭത്തിൽ രഥപൂജ നടത്തും. 22 ന് രാവിലെ ചക്കുപള്ളം ആശ്രമത്തിൽ നിന്ന് പദയാത്ര പുറപ്പെട്ട് കുമളി, വണ്ടിപ്പെരിയാർ, പീരുമേട്, കുട്ടിക്കാനം, മുണ്ടക്കയം, പുലിക്കുന്ന്, എരുമേലി, റാന്നി, പത്തനംതിട്ട, അടൂർ, പുത്തൂർ, കുണ്ടറ, കൊട്ടിയം, പരവൂർ വഴി 29ന് ശിവഗിരിയിൽ എത്തും.
പദയാത്ര നടത്തിപ്പുമായി ബന്ധപ്പെട്ട് ഗുരുധർമ്മ പ്രചരണസഭ രജിസ്ട്രാർ ടി.വി. രാജേന്ദ്രൻ ( ചെയർമാൻ), പി.കെ. സത്യവ്രതൻ ( വൈസ് ചെയർമാൻ), പി.എൻ. രവിലാൽ (കൺവീനർ), പി.എൻ. സുഗതകുമാർ ( ജോ. കൺവീനർ), എസ്.എൻ.ഡി.പി യോഗം പീരുമേട് യൂണിയൻ സെക്രട്ടറി കെ.പി. ബിനു (ട്രഷറർ), എസ്. ശരത് (സെക്രട്ടറി), ടി.സി. രതീഷ് കുമാർ ( ജോ.സെക്രട്ടറി), കെ.എസ്. സജേഷ് ശാന്തി, വിനോദ് തന്ത്രി ( പദയാത്രാ ആചാര്യന്മാർ), കെ.പി.സദാനന്ദൻ, പി.എസ്. സോമനാഥൻ, സി.എസ്. ഷെറിൻ, എം.പി. മനോജ്, പി.ജി. മഞ്ജു (പ്രോഗ്രാം കാര്യദർശിമാർ) എന്നിവരുൾപ്പെടെ വിപുലമായ കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനം ആരംഭിച്ചു. തീർത്ഥാടനത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ 30 ന് മുമ്പ് പേര് രജിസ്റ്റർ ചെയ്യണമെന്ന് കൺവീനർ അറിയിച്ചു. വിവരങ്ങൾക്ക് : 9496568125.