കോട്ടയം: പരിശീലനത്തിനിടെയുണ്ടായ പരിക്കുമായാണ് എത്തിയതെങ്കിലും അജയ്‌യും ടിബിൻ മാത്യുവും മടങ്ങിയത് മെഡലുമായാണ്. നടുവിന് പരിക്കുണ്ടായിരുന്ന അജയ് ലോംഗ് ജമ്പിലും പരിക്കേറ്റ കാലുമായി ടിബിൻ ജൂനിയർ വിഭാഗം ഹൈ ജമ്പിലും സ്വർണം നേടി .
മീറ്റിലെ ഏറ്റവും മികച്ച ദൂരമായ 6.30 മീറ്ററാണ് ലോംഗ് ജമ്പിൽ അജയ് നേടിയത്. കഴിഞ്ഞ വർഷം ആലപ്പുഴയിൽ അമ്മയുടെ വീട്ടിൽ നിന്നാണ് അജയ് പഠിച്ചിരുന്നത്. ആലപ്പുഴ ജില്ലയിൽ കഴിഞ്ഞ വർഷം നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയിരുന്നു. ഇപ്പോൾ അതിരമ്പുഴ സെന്റ് അലോഷ്യസ് സ്‌കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ് .
ചങ്ങനാശേരി കുറുമ്പനാടം സെന്റ് പീറ്റേഴ്സ‌് ഹയർസെക്കൻഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയാണ് ടിബിൻ. മത്സരത്തിനു മുൻപ് മുടന്തി നടന്ന ടിബിൻ മത്സരം കഴിഞ്ഞപ്പോൾ മെഡലുമായി നിവർന്നു നിന്നു. 1.68 മീറ്ററാണ് ചാടിക്കടന്നത്. തിങ്കളാഴ്‌ച നടക്കുന്ന ട്രിപ്പിൾ ജമ്പിലും മത്സരിക്കുന്നുണ്ട്.