കോട്ടയം: കോടതി വിധി തങ്ങൾക്ക് അനുകൂലമായി വ്യാഖ്യാനിച്ചതിന് പിന്നാലെ ആളെക്കൂട്ടി ശക്തി തെളിയിക്കാനൊരുങ്ങി കേരള കോൺഗ്രസ് ജോസ്, ജോസഫ് വിഭാഗങ്ങൾ . പാലായിൽ ശക്തി പ്രകടനം നടത്തി കരുത്ത് തെളിയിക്കാൻ ജോസഫ് വിഭാഗം നീക്കം തുടങ്ങി.
കോട്ടയത്തെ ഒരു ഹോട്ടലിൽ പി.ജെ ജോസഫ് അടിയന്തര നേതൃയോഗം വിളിച്ചപ്പോൾ ജോസ് കെ. മാണി പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസിൽ സ്റ്റിയറിംഗ് കമ്മറ്റിയും ഹൈ പവർ കമ്മറ്റിയും വിളിച്ചു ചേർത്തു. നേതൃയോഗത്തിൽ ജോസ് കെ. മാണിയെ ജോസഫ് കടന്നാക്രമിച്ചു. പാർട്ടി ഭരണഘടന മനസിലാക്കി പ്രവർത്തിക്കാത്തത് കൊണ്ടുള്ള പ്രശ്നങ്ങൾ ആണ് ജോസ് പക്ഷത്തിന്. ഇതുവരെ അവർക്കത് മനസിലായിട്ടില്ലെന്നും ജോസഫ് പറഞ്ഞു.
കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് ആകർഷിക്കാൻ ജോസഫ് വിഭാഗം നേതൃയോഗം വിളിച്ചതിന് തടയിടാനാണ് ജോസ് വിഭാഗം ഹൈപവർ കമ്മിറ്റിയും സ്റ്റിയറിംഗ് കമ്മിറ്റിയും ഇന്നലെ വിളിച്ചത്.
ഭരണഘടനയും കോടതിയും അംഗീകരിക്കുന്ന വർക്കിംഗ് ചെയർമാനാണ് നേതൃയോഗം വിളിച്ചു ചേർത്തതെന്ന് ജോസഫ് പറഞ്ഞു. ജോസിനെ ചെയർമാനാക്കിയ സംസ്ഥാന കമ്മിറ്റിയിൽ പങ്കെടുക്കാത്ത ആളുകളുടെ കള്ള ഒപ്പ് ഇട്ടതിനെതിരെ ക്രിമിനൽ കേസ് നടക്കുകയാണെന്നും ജോസഫ് പറഞ്ഞു. സി.എഫ്.തോമസ്, മോൻസ് ജോസഫ് , തോമസ് ഉണ്യാടൻ, സജി മഞ്ഞകടമ്പിൽ തുടങ്ങിയവർ പ്രസംഗിച്ചു.
ജോസഫ് വഞ്ചിക്കുന്നതു പാർട്ടിയെ മാത്രമല്ല യു.ഡി.എഫിനെയുമാണെന്നു യോഗത്തിൽ ജോസ് പറഞ്ഞു. യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന പ്രവർത്തനം നടത്തരുതെന്നു നേതാക്കൾ ഉപദേശിച്ചിരുന്നതുകൊണ്ടാണ് ജോസഫിന്റെ ആരോപണങ്ങൾക്ക് മറുപടി നല്കാതിരുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ പാർട്ടി നിയോജകമണ്ഡലം, മണ്ഡലം, വാർഡ് ജനറൽ ബോഡികൾ കൂടി പാർട്ടിയെ കൂടുതൽ ശക്തമാക്കണമെന്ന് ജില്ലയിലെ പാർട്ടി മണ്ഡലം, നിയോജകമണ്ഡലം പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് ജോസ് പറഞ്ഞു . ജില്ലാ പ്രസിഡന്റ് സണ്ണി തെക്കേടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തൽ തോമസ് ചാഴികാടൻ എം.പി മുഖ്യപ്രഭാഷണം നടത്തി. ഈ.ജെ. ആഗസ്തി, പി.ടി.ജോസ്, അഡ്വ.ജോസ് ടോം, പി.എം.മാത്യു , എം.എസ്.ജോസ്, ബേബി ഉഴുത്തുവാൽ എന്നിവർ പ്രസംഗിച്ചു.