പാലാ: ജില്ലാ സ്‌കൂൾ കായികമേളയിൽ അതിവേഗം കുതിയ്‌ക്കുന്ന ഈരാറ്റുപേട്ട എതിരാളികളെ ബഹുദൂരം പിന്നിലാക്കി. 69 ഇനങ്ങൾ പൂർത്തിയാക്കിയപ്പോൾ 22 സ്വർണവും 18 വെള്ളിയും 14 വെങ്കലവുമായി 206 പോയിന്റോടെയാണ് ഈരാറ്റുപേട്ടയുടെ കുതിപ്പ്. 14 സ്വർണവും 20 വെള്ളിയും 5 വെങ്കലവുമായി 151 പോയിന്റോടെ പാലാ രണ്ടാം സ്ഥാനത്ത് തുടരുന്നു. അഞ്ചു സ്വർണവും അഞ്ചു വെള്ളിയും ആറു വെങ്കലവും ഉൾപ്പെടെ 47 പോയിന്റുമായി ചങ്ങനാശേരിയാണ് മൂന്നാമത്.
ഈരാറ്റുപേട്ടയുടെ കുതിപ്പിന് കരുത്ത് പകരുന്നത് പൂഞ്ഞാർ എസ്.എം.എം.വി.എച്ച്.എസ്.എസിലെ താരങ്ങളുടെ പടയോട്ടമാണ്. 17 വീതം സ്വർണവും വെള്ളിയും 12 വെങ്കലവുമായി 135 പോയിന്റോടെയാണ് സ്‌കൂൾ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. ഏഴു സ്വർണവും ഒമ്പതു വെള്ളിയും നാലു വെങ്കലവുമായി പാലാ സെന്റ് മേരീസ് ജി.എച്ച്.എസ് രണ്ടാമതുണ്ട്. അഞ്ചു സ്വർണവും ആറു വെള്ളിയും രണ്ടു വെങ്കലവുമായി പാലാ സെന്റ് തോമസും അഞ്ചു സ്വർണവും അഞ്ചു വെള്ളിയും നാലു വെങ്കലവുമായി കുറുമ്പനാടം സെന്റ് പീറ്റേഴ്‌സും 44 വീതം പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. മേളയ്ക്ക് ഇന്നും നാളെയും അവധി ദിനങ്ങളാണ്, തിങ്കളാഴ്ച മത്സരങ്ങൾ അവസാനിക്കും. മേളയിലെ വേഗമേറിയ താരങ്ങളെ കണ്ടെത്തുന്നതിനുള്ള നൂറ്, ഇരുനൂറ് വിഭാഗം മത്സരങ്ങൾ തിങ്കളാഴ്‌ചയാണ്.