കോട്ടയം : പ്രളയമേഖലകളിൽ ജപ്തി നടപടികൾക്ക് മൊറട്ടോറിയം നിലനിൽക്കെ നിർദ്ധന കുടുംബത്തിന്റെ വീട് ജപ്തി ചെയ്ത കോർപ്പറേഷൻ ബാങ്ക് നടപടിക്കെതിരെ കോൺഗ്രസ് പ്രതിഷേധം. പ്രതിഷേധം ശക്തമായതോടെ ജപ്തി നടപടി ഒഴിവാക്കി ബാങ്ക് തലയൂരി. തിരുവാർപ്പ് പഞ്ചായത്തംഗവും , മഹിളാ കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ ചെങ്ങളം ഇടക്കരിച്ചിറ റേയ്ച്ചൽ ജേക്കബിന്റെ വീടാണ് ജപ്തി ചെയ്തത്. വായ്പ തുകയുടെ തവണ കുടിശിക അടയ്ക്കാനുണ്ടെന്ന പേരിലാണ് ബാങ്ക് അധികൃതർ വ്യാഴാഴ്ച ജപ്തി നോട്ടീസ് പതിപ്പിച്ചത്. കഴിഞ്ഞ രണ്ട് പ്രളയത്തിലും വീട്ടിൽ വെള്ളം കയറിയതിനെ തുടർന്ന് ദുരിതാശ്വാസ ക്യാമ്പിലായിരുന്നു കുടുംബം കഴിഞ്ഞിരുന്നത്.
പെയിന്റിംഗ് തൊഴിലാളിയായ ഭർത്താവ് ജേക്കബ് അപകടത്തെ തുടർന്ന് ചികിത്സയിലാണ്. ബാങ്ക് നടപടിക്കെതിരെ ഡി.സി.സി പ്രസിഡന്റ് ജോഷി ഫിലിപ്പിന്റെ നേതൃത്വത്തിൽ കോൺഗ്രസ് പ്രവർത്തകർ ശാസ്ത്രി റോഡിലുള്ള ബാങ്ക് ഓഫീസ് പടിയ്ക്കൽ ധർണ നടത്തി. കുടിശിക അടയ്ക്കാൻ രണ്ടുമാസത്തെ കാലാവധി അനുവദിക്കാമെന്ന അധികൃതരുടെ ഉറപ്പിനെ തുടർന്നാണ് സമരം അവസാനിച്ചത്. തുടർന്ന് വീടിന്റെ താക്കോൽ ഉടമയ്ക്ക് തിരികെ നല്കി. തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, തോമസ് ചാഴികാടൻ എം.പി, കെ.പി.സി.സി സെക്രട്ടറിമാരായ പി.എ.സലിം, ഫിലിപ്പ് ജോസഫ്, നാട്ടകം സുരേഷ്, റൂബി ചാക്കോ, എം.പി.സന്തോഷ് കുമാർ, ബോബൻ തോപ്പിൽ, എസ്.രാജീവ്, ടി.സി.റോയി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ, നഗരസഭാദ്ധ്യക്ഷ പി.ആർ.സോന, എസ്.ഗോപകുമാർ, ഷാനവാസ് പാഴൂർ, ചെങ്ങളം രവി തുടങ്ങിയവർ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നല്കി.