palam

സന്തോഷ് ശർമ്മ

വൈക്കം : വെച്ചൂർ പഞ്ചായത്ത് ആറാം വാർഡിൽ ഈരയിൽ തോടിന് കുറുകെ ഗതാഗത യോഗ്യമായ കോൺക്രീറ്റ് പാലം തീർക്കണമെന്ന ആവശ്യം ശക്തമാകുന്നു. കാർഷിക മേഖലയുമായി ബന്ധപ്പെട്ട് ഉപജീവനം നടത്തുന്ന സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന ഈ അവികസിത പ്രദേശത്ത് പാലത്തിനായുള്ള മുറവിളി ഉയർന്നിട്ട് അരനൂറ്റാണ്ടിലധികമായി. ഇപ്പോൾ ഇരുമ്പ് കേഡറിൽ പലക പാകിയ പാലത്തിലൂടെ ആണ് തോടിന് ഇരുകരകളിലുമുള്ള നിവാസികൾ പുറം ലോകവുമായി ബന്ധപ്പെടുന്നത്. വർഷങ്ങൾക്ക് മുമ്പ് കയറിൽ ബന്ധിച്ച തോണിയിൽ അപകട ഭീതി പരത്തിയാണ് ഇവിടത്തുകാർ വർഷങ്ങളോളം തോടിന്റെ മറുകര കടന്നിരുന്നത്. പ്രദേശവാസിയായ പുല്ല് ചെത്ത് തൊഴിലാളിയായ വീട്ടമ്മ ആഴം കൂടിയ തോട്ടിൽ തോണി മറിഞ്ഞ് മുങ്ങി മരിച്ചതിനെ തുടർന്നാണ് തടികൾക്കു മീതെ പലക തറച്ച് ഇവിടെ പാലം തീർത്തത്. ഏതാനും വർഷങ്ങൾക്ക് മുമ്പ് പാലത്തിലൂടെ കയറി സ്‌കൂളിലേയ്ക്ക് പോകുകയായിരുന്ന ഒൻപതാം ക്ലാസ് വിദ്യാർത്ഥി പാലത്തിലെ പലകകൾ ജീർണ്ണിച്ചതിനെ തുടർന്ന് തകർന്ന് പാലത്തിൽ നിന്നും വെള്ളിലേയ്ക്ക് വീണ് മുങ്ങിത്താണു പോയിരുന്നു. സഹപാഠി വെള്ളത്തിൽ മുങ്ങിത്താണുപോകുന്നത് കണ്ട് പിന്നാലെ വന്ന മറ്റൊരു വിദ്യാർത്ഥി ആഴമേറിയ തോട്ടിലേയ്ക്ക് എടുത്തു ചാടി ഏറെ പണിപ്പെട്ടാണ് മുങ്ങിത്താണ വിദ്യാർഥിയെ അന്ന് കരയ്‌ക്കെത്തിച്ചത്. സ്വന്തം ജീവനിൽ ഭയം തോന്നാതെ കൂട്ടുകാരന്റെ ജീവൻ രക്ഷിക്കാൻ ധീരത കാട്ടിയ അനന്തു എന്ന കുട്ടിക്ക് ധീരതയ്ക്കുള്ള രാഷ്ട്രപതിയുടെ പുരസ്‌കാരവും ലഭിച്ചിരുന്നു.പിന്നീട് ജനങ്ങളുടെ നിരന്തരമായ ആവശ്യത്തെ തുടർന്നാണ് ഇരുമ്പു കേഡറിൽ പലക പാകികുറ്റമറ്റ പാലം തീർത്തത്. മറ്റൊരു ജീവൻ കുടിതോട്ടിൽ പൊലിയാതിരിക്കാൻ ഗതാഗത യോഗ്യമായ പാലം തീർക്കാൻ അന്ന് കേന്ദ്ര സർക്കാർ താൽപര്യം പ്രകടിപ്പിച്ചെങ്കിലും സംസ്ഥാന സർക്കാർ പാലത്തിനായി ഫണ്ട് അനുവദിക്കുമെന്ന ഉറപ്പ് ജനപ്രതിനിധികൾ നൽകിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ പാലം നിർമ്മാണത്തിൽ നിന്നു പിൻമാറുകയായിരുന്നെന്ന് നാട്ടുകാർ ആരോപിക്കുന്നു. പിന്നീട് പാലത്തിന്റെ നിർമ്മാണത്തിനായി 50 ലക്ഷത്തിലധികം രൂപ അനുവദിച്ചെങ്കിലും നിർമ്മാണ പ്രവർത്തനങ്ങൾ സാങ്കേതികത്വത്തിൽ കുടുങ്ങുകയായിരുന്നു. ഒറ്റപ്പെട്ട തുരുത്തായി മാറിയ ഈരയിൽ ഭാഗത്തെ 80 ഓളം കുടുംബങ്ങളുടെ യാത്രാദുരിതം മാറാനും അരികുപുറം, വലിയ പുതുക്കരി,പന്നതടം,വലിയവെളിച്ചം തുടങ്ങി 600 ഏക്കറോളം വരുന്ന പ്രദേശത്തെ നെൽകൃഷിയുടെ അഭിവൃദ്ധിക്കും ഈരയിൽ പാലം നിർമ്മിക്കാൻ സർക്കാർ നടപടി ത്വരിതപ്പെടുത്തണമെന്ന് പ്രദേശവാസികളുടെ ആവശ്യം ശക്തമാണ്.