കോട്ടയം : വിരണ്ടോടിയ കൊമ്പൻ തിരുനക്കര ശിവനെ മർദ്ദിച്ചതായി കാട്ടി ചെങ്ങളം സ്വദേശിയായ അമ്പിളിയ്‌ക്കെതിരെ തിരുനക്കരക്ഷേത്രം അധികൃതർ കുമരകം പൊലീസിൽ പരാതി നൽകി. ചെങ്ങളത്തുകാവ് ദേവീക്ഷേത്രത്തിൽ തളച്ചിരുന്ന ശിവനെ കഴിഞ്ഞ ദിവസം രാത്രിയിൽ മർദ്ദിച്ചതായാണ് പരാതി. പാപ്പാൻ മനോജ് മർദ്ദിച്ചതെന്ന പ്രചാരണവുമായി ഒരു വിഭാഗം രംഗത്ത് എത്തിയിരുന്നു.

വ്യാഴാഴ്‌ച രാത്രിയിൽ സ്ഥലത്തില്ലാതിരുന്ന മനോജ്, ഇന്നലെ രാവിലെ എത്തിയപ്പോഴാണ് മർദനമേറ്റത് കണ്ടത്. തുടർന്ന് ദേവസ്വം അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് ദേവസ്വം ബോ‌‌ർഡ് അധികൃതർ സ്ഥലത്ത് എത്തി പരിശോധന നടത്തി. നാട്ടുകാരാണ് അമ്പിളി മർദ്ദിക്കുന്നത് കണ്ടതായി അറിയിച്ചത്. ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പറയുന്നു. ചിറക്കടവ് മഹാദേവക്ഷേത്രത്തിലെ പാപ്പാനായ മനോജിനെ താത്കാലിക അടിസ്ഥാനത്തിൽ തിരുനക്കരയിലേയ്‌ക്ക് മാറ്റിയിട്ടുണ്ട്. ആനയെ നന്നായി പരിപാലിക്കുന്ന മനോജിനെ മാറ്റാനുള്ള നീക്കം ഒരുവിഭാഗം നടത്തുന്നതായി ആരോപണം ഉയർന്നിട്ടുണ്ട്.